ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ അനുവദിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി
പുൽപ്പള്ളി: പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളും പൂതാടി പഞ്ചായത്തിന്റെ പകുതിയോളം ഭാഗങ്ങളും ഉൾപ്പെടുന്ന കുടിയേറ്റ കാർഷിക മേഖലയിൽ അടിയന്തരമായി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ഭൂമിശാസ്ത്രപരമായി മൂന്നു വശവും വനത്താൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് കബനി നദിയിലും കുറുവ ദ്വീപിലും ഉണ്ടാകുന്ന അപകടങ്ങൾ, കാട്ടുതീ, മറ്റ് അവിചാരിത ദുരന്തങ്ങൾ എന്നിവ നേരിടാൻ ഫയർഫോഴ്സിന്റെ സേവനം അത്യന്താപേക്ഷിതമാണ്. നിലവിൽ 25 കിലോമീറ്റർ അകലെയുള്ള സുൽത്താൻബത്തേരിയിൽ നിന്നോ 30 കിലോമീറ്റർ ദൂരമുള്ള മാനന്തവാടിയിൽ നിന്നോ ആണ് ഫയർഫോഴ്സ് എത്തുന്നത്. നിബിഡ വനപാതയിലൂടെ വേഗത കുറച്ച് സംഭവസ്ഥലത്ത് എത്തിച്ചേരുമ്പോഴേക്കും നാശനഷ്ടങ്ങൾ പൂർണമാകുന്ന സ്ഥിതിയാണുള്ളത്.
മറ്റ് ജീവൻരക്ഷാ സാധ്യതകൾ ഒന്നുമില്ലാത്ത പ്രദേശത്ത് ഫയർ സ്റ്റേഷൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എം.പി പ്രിയങ്ക ഗാന്ധി, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, സുൽത്താൻബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഫയർഫോഴ്സ് ഡയറക്ടർ ജനറൽ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. പ്രദേശത്ത് ഫയർസ്റ്റേഷൻ ആരംഭിക്കാൻ ഡിപ്പാർട്ട്മെന്റ് ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള താൽക്കാലിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയും പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് സ്ഥലം ഏറ്റെടുത്ത് നൽകിയും ഈ പ്രശ്നത്തിന് സ്ഥായിയായ പരിഹാരം കാണാൻ സാധിക്കും. അതിനാൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥ മേധാവികളും ഒരുമിച്ച് പ്രവർത്തിച്ച് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
പുൽപ്പള്ളി യൂണിറ്റ് പ്രസിഡന്റും ജില്ലാ വൈസ് പ്രസിഡന്ററുമായ മാത്യു മത്തായി ആതിരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി കെ.എസ്. അജിമോൻ, ട്രഷറർ പി.എ. ഷാജിമോൻ, വൈസ് പ്രസിഡന്റുമാരായ ജോസ് കുന്നത്ത്, കെ. ജോസഫ്, സജി വർഗീസ്, പി.എം. പൈലി, ബാബു രാജേഷ്, ഇ.കെ. മുഹമ്മദ്, ജോയിന്റ് സെക്രട്ടറിമാരായ കെ.വി. റഫീഖ്, വേണുഗോപാൽ, ബാബു മാക്കിയിൽ, പ്രസന്നകുമാർ, പ്രഭാകരൻ എന്നിവർ സംസാരിച്ചു.




Leave a Reply