May 6, 2026

കുട്ടികളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പ്രതിഫലിപ്പിക്കാന്‍ ഡ്രീംസ് വൈബ് ഒരുങ്ങുന്നു

0
site-psd-537
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും കൂടി ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിട്ട് ഡ്രീം വൈബ്‌സ് പദ്ധതി ഒരുങ്ങുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സാമൂഹിക വികസനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ സംഘടനയായ ബാലസഭയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വയം മനസിലാക്കാനും സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കാനും വികസിപ്പിക്കാനും വേണ്ടിയുള്ള വേദിയാണ് ബാലസഭകള്‍. യുക്തിചിന്ത, ശാസ്ത്രബോധം എന്നിവ വളര്‍ത്തുന്നതിലും ബാലസഭകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.സാമൂഹിക ക്ഷേമത്തിനായി പദ്ധതികള്‍ തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്യുന്നത് മുതിര്‍ന്നവരാണെന്നിരിക്കെ കുട്ടികളുടെ ആശയങ്ങളും ആവശ്യങ്ങളും കൂടി ഈ ഇവയില്‍ ഉള്‍പ്പെടുത്തുകയാണ് ഡ്രീം വൈബ്‌സ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

കുട്ടികള്‍ക്ക് സമൂഹത്തെക്കുറിച്ച് വിമര്‍ശനാത്മകമായി ചിന്തിക്കാനും വെല്ലുവിളികളും സാധ്യതകളും തിരിച്ചറിയാനും ഇതിലൂടെ സാധിക്കും. ഓരോ പ്രദേശത്തും കുട്ടികള്‍ തയ്യാറാക്കുന്നതോ അല്ലെങ്കില്‍ കുട്ടികളുടെ സ്വപ്നങ്ങള്‍ പ്രതിഫലിപ്പിക്കുന്നതോ ആയ ഒരു ചില്‍ഡ്രന്‍സ് ചാര്‍ട്ടര്‍ തയ്യാറാക്കും. ഇത് തദ്ദേശ സ്ഥാപങ്ങള്‍ക്ക് വികസന പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ ദിശാബോധം പകരുന്ന ഒരു പ്രധാന രേഖയായി മാറും.

കുട്ടികള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ ഏതു രീതിയിലും അവതരിപ്പിക്കാം. കഥ, കവിത, പോസ്റ്റര്‍, റീല്‍സ്, വീഡിയോ എന്നിങ്ങനെ ഏത് മാധ്യമവും ഉപയോഗപ്പെടുത്തി അനുയോജ്യമായ തരത്തില്‍ ആശയങ്ങള്‍ അവതരിപ്പിക്കാം. അതിനുശേഷം ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും കട്ടികളുടെ ആശയങ്ങള്‍ ക്രോഡീകരിച്ച് ഒക്ടോബര്‍ രണ്ടിന് പ്രസിദ്ധീകരിക്കും. സി.ഡി.എസ് തലത്തിലുള്ള ക്രോഡീകരണം സി.ഡി.എസ് റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ ചുമതലയാണ്. വാര്‍ഡ് തലത്തിലും സി.ഡി.എസ് തലത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ അപ്‌ഡേറ്റ് ചെയ്യും.

ഡ്രീംസ് വൈബിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബാലസദസിന് മുന്നോടിയായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ബാലസഭ റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍ക്ക് പരിശീലനം നല്‍കി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ വി.കെ റെജീന, ബാലസഭ സ്റ്റേറ്റ് ആര്‍.പി സി.കെ പവിത്രന്‍, ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍മാരായ കെ.പി പ്രീത, വി.സി ഷില്‍ജ, സി. ഷിഫാനത്, ബാലസഭ ജില്ലാതല ആര്‍.പി ബബിത എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *