ജില്ലയിലെ പ്രധാന അറിയിപ്പുകള്‍
പ്രസംഗമത്സരം
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്ക് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ എട്ടിന് കോഴിക്കോട്, ഐ.എച്ച്.ആർ.ഡി കോളേജിലാണ് മത്സരം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 20000, 15000, 10000 രൂപ വീതം ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും ലഭിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്ളവര്‍ ഒക്ടോബർ ആറിനകം ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡേറ്റ, youthday2020@gmail.com എന്ന ഇ-മെയിലിലൂടെയോ സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33 വിലാസത്തിൽ തപാൽ വഴിയോ അല്ലെങ്കിൽ നേരിട്ടോ നൽകണം. ഫോൺ- 8086987262, 0471-2308630
മഹിള സശാക്തീകരണ്‍ യോജന വായ്പക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍, ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന മുഖേന വായ്പ അനുവദിക്കുന്നതിന് മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികവര്‍ഗ്ഗക്കാരായ തൊഴില്‍ രഹിത യുവതികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയില്‍ 2,00,000 രൂപ വായ്പയായി ലഭിക്കും. അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയരുത്. പദ്ധതി പ്രകാരം കൃഷി ഒഴികെയുള്ള മറ്റു സ്വയംതൊഴിലുകളില്‍ ഗുണഭോക്താവിന് ഏര്‍പ്പെടാം. താത്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പറേഷന്റെ മാനന്തവാടി പെരുവക റോഡില്‍ പ്രവര്‍ത്തിക്കുന്ന ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 04935 296512, 9496596512
കൗമാര വിദ്യാഭ്യാസ ക്ലാസ്സ് സംഘടിപ്പിച്ചു
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ജി.വി.എച്ച്.എസിലെ നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെ പ്ലസ് ടു വിദ്യാർത്ഥികൾക്കായി കൗമാര വിദ്യാഭ്യാസ ക്ലാസ്സ് സംഘടിപ്പിച്ചു. ലിംഗ സമത്വത്തെക്കുറിച്ച് ജില്ലാ ലീഗൽ സര്‍വീസസ് അതോറിറ്റി പാനൽ അഭിഭാഷക അഡ്വ. ഗ്ലോറി ജോർജ് ഡിഎൽഎസ്എ പാരാലീഗൽ വളണ്ടിയര്‍ ബേബി നാപ്പളി എന്നിവർ ക്ലാസ്സെടുത്തു. ജി.വി.എച്ച്.എസ് പ്രിൻസിപ്പൽ സജീവൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രോഗ്രാം ഓഫീസർ ദീപ്‌തിദാസ്, ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ സി.ജയരാജൻ, എം ബഷീർ, പി. ആർ ഗിരിനാഥൻ ശിശുക്ഷേമ സമിതി സെക്രട്ടറി രാജൻ, എൻ.എസ്.എസ് സ്നേഹ എന്നിവർ സംസാരിച്ചു.
ലീഗൽ മെട്രോളജി ഓട്ടോറിക്ഷാ ക്യാമ്പ്
സുൽത്താൻ ബത്തേരി താലൂക്കിലെ ഓട്ടോറിക്ഷാ ക്യാമ്പ് സെപ്തംബർ 30 ന് രാവിലെ മുതൽ മീനങ്ങാടി ലീഗൽ മെട്രോളജി ഓഫീസിൽ നടക്കുമെന്ന് ലീഗൽ മെട്രോളജി സുൽത്താൻ ബത്തേരി താലൂക്ക് ഇൻസ്പെക്‌ടർ അറിയിച്ചു. ഫോൺ- 04936 246395
സൗജന്യ പേവിഷ നിയന്ത്രണ വാക്‌സിനേഷൻ ക്യാമ്പ്
മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ പേവിഷ നിയന്ത്രണ പരിപാടിയുടെ ഭാഗമായി സെപ്റ്റംബർ 29,30 തീയതികളിൽ വളർത്തു പൂച്ചകൾക്കും നായകൾക്കുമായുള്ള സൗജന്യ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 29ന് രാവിലെ ഒൻപത് മുതൽ 11 വരെ താഴെ അരപ്പറ്റ പകൽ വീട്, 11 മുതൽ 12 വരെ മേലെ അരപ്പറ്റ, ഉച്ചക്ക് 12 മുതൽ 1 വരെ നല്ലന്നൂർ, തിനപുരം ഉച്ചക്ക് 2 മുതൽ 3 വരെ നെടുംകരണ, പുതിയപാടി, വൈകിട്ട് 3 മുതൽ 4 വരെ അപ്പളം, കടൽമാട് എന്നിവിടങ്ങളിലും 30ന് രാവിലെ 9 മുതൽ 10 വരെ ലക്കിഹിൽ, 10 മുതൽ 11 വരെ ജയ്‌ഹിന്ദ്, ഉച്ചക്ക് 1.30 മുതൽ വൈകിട്ട് 3 വരെ വടുവഞ്ചാൽ, 4 മുതൽ 4 വരെ ചെല്ലങ്കോട് എന്നീ പ്രദേശങ്ങളിലാണ് വാക്‌സിനേഷൻ ക്യാമ്പ് നടക്കുന്നത്.
ജില്ലാ പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി സിറ്റിങ്
ജില്ലാ പോലീസ് കംപ്ലയിൻസ് അതോറിറ്റി സിറ്റിങ് ഒക്ടോബർ എട്ട് രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
താലൂക്ക് വികസന സമിതി യോഗം
വൈത്തിരി താലൂക്ക് വികസന സമിതി യോഗം ഒക്ടോബർ നാലിന് രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു.
അധ്യാപക നിയമനം
വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗം കമ്പ്യൂട്ടർ സയൻസ് അധ്യാപക തസ്‌തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, എംപ്ലോയ്മെന്റ് കാർഡ് എന്നിവ സഹിതം സെപ്റ്റംബർ 29 രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ- 04936-236690





Leave a Reply