October 13, 2025

അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ നേട്ടങ്ങളുമായി പൊഴുതന ഗ്രാമപഞ്ചായത്ത്

0
site-psd-300

By ന്യൂസ് വയനാട് ബ്യൂറോ

അടിസ്ഥാന ആവശ്യങ്ങളായ പാര്‍പ്പിടം, കുടിവെള്ളം, യാത്രാ സൗകര്യങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി മുന്നേറ്റങ്ങള്‍ കൈവരിച്ച വികസന പദ്ധതികളുമായി പൊഴുതന ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്.പൊഴുതന റാഷ ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു.
തോട്ടം തൊഴിലാളികളും ഗോത്ര വിഭാഗ ജനതയും തിങ്ങി പാര്‍ക്കുന്ന പൊഴുതനയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കിയതായി പ്രസിഡന്റ് വ്യക്തമാക്കി.

അതോടൊപ്പം, ആരോഗ്യം, മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം, ഉപജീവനം, പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനുള്ള നടപടികള്‍, അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഭരണസമിതി ഒറ്റക്കെട്ടായി നടപ്പാക്കിയതായി അവര്‍ പറഞ്ഞു.

ഭരണകാലയളവില്‍ പഞ്ചായത്ത് വിവിധ മേഖലകളില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.
ഭവന നിര്‍മാണ പദ്ധതിയിലൂടെ നിരവധി കുടുംബങ്ങള്‍ക്ക് വീടുകള്‍ ഒരുക്കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.85 കോടി രൂപ ചെലവില്‍ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിച്ചു. റോഡ് മെയിന്റനന്‍സ് പദ്ധതിയില്‍ 4. 86 കോടി രൂപ ചെലവില്‍ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.

പൊഴുതനയിലെ വിവിധ ബസ്സ്റ്റോപ്പുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. വനിത തൊഴില്‍ യൂണിറ്റുകള്‍ സ്ഥാപിക്കുകയും നവീകരിക്കുകയും ചെയ്തു. കുറിച്ചില സ്‌കൂളിന്റെ നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുത്തതോടൊപ്പം ഒരു കോടി രൂപ ലഭ്യമാക്കി. അച്ചൂരാനം സ്‌കൂളിന്റെ വികസനത്തിനായി 3.10 കോടി രൂപ അനുവദിച്ചു.ഹെല്‍ത്ത് ഗ്രാന്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സബ് സെന്ററുകളുടെ നിര്‍മ്മാണത്തിനായി അനുവദിച്ച 83,25,000 രൂപ ഉപയോഗിച്ച് മൂന്ന് സബ് സെന്ററുകളില്‍ ഒന്നിന്റെ നിര്‍മ്മാണം ആരംഭിക്കുകയും ബാക്കി രണ്ട് സബ് സെന്ററുകളുടെ നിര്‍മ്മാണത്തിനുള്ള തുക എന്‍എച്ച്എമ്മിന് കൈമാറുകയും ചെയ്തു.

തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം മഹാത്മാ പുരസ്‌കാരം ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. ആരോഗ്യ മേഖലയില്‍ ദേശീയതല അക്രഡിറ്റേഷന്‍ ലഭിച്ചു. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കി. മൂന്ന് സ്മാര്‍ട്ട് അങ്കണവാടികള്‍ സ്ഥാപിക്കുകയും തനത് ഫണ്ടില്‍ വര്‍ധനവുണ്ടാക്കുകയും ചെയ്തു.കായിക മേഖല ശക്തിപ്പെടുത്തുന്നതിനായി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണം ആരംഭിച്ചു. കേരളത്തിലെ ആദ്യ ഗോത്ര സ്വാതന്ത്ര്യസമരസേനാനി മ്യൂസിയം സുഗന്ധഗിരിയില്‍ നിര്‍മ്മാണം ആരംഭിച്ചു.

മാലിന്യ സംസ്‌കരണത്തില്‍ 100 ശതമാനം വാതില്‍പ്പടി ശേഖരണം നടപ്പാക്കി. ഡിജിറ്റല്‍ ഭൂസര്‍വേ പദ്ധതി പ്രകാരം അച്ചൂരാനം വില്ലേജിലെ പ്രവര്‍ത്തനം 100 ശതമാനം പൂര്‍ത്തിയായി. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഭൂമിയും വീടുമില്ലാത്തവര്‍ക്ക് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഭൂമി അനുവദിക്കുകയും ഭവനനിര്‍മാണത്തിന് ആദ്യ ഗഡു അനുവദിക്കുകയും ചെയ്തു.അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഗ്രാമപഞ്ചായത്ത് ആകെ 32,71,83,264 രൂപ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു.

ഓപ്പണ്‍ ഫോറത്തില്‍ പൊഴുതന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയവരുടെ പരിചയവും കഴിവും നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണമെന്നും അഭിപ്രായമുയര്‍ന്നു.
ഹരിത കര്‍മ്മസേനയുടെ സഹായത്തോടെ പൊതുസ്ഥലങ്ങളെ മാലിന്യമുക്തമാക്കി സൗന്ദര്യവല്‍ക്കരിക്കണമെന്നും പഞ്ചായത്തിന്റ കീഴിലുള്ള കളിസ്ഥലങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

കുടുംബശ്രീ സംരംഭങ്ങളെ വ്യവസായ യൂണിറ്റുകളാക്കി ഉയര്‍ത്തുകയും കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് ഫലപ്രദമായ മാര്‍ക്കറ്റിംഗ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഫോറത്തില്‍ നിര്‍ദ്ദേശിച്ചു.

പൊഴുതന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ബാബു അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം എന്‍ സി പ്രസാദ്, പൊഴുതന ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സുബൈദ പരീദ്, സുധ അനില്‍, എം സെയ്ത്, അംഗങ്ങളായ അബ്ദുള്‍ നാസര്‍, ഷാഹിന ഷംസുദ്ദീന്‍, എം എം ജോസ്, ഹനീഫ, സി മമ്മി, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍ പി ബൈജു, പൊഴുതന ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇന്‍-ചാര്‍ജ് സി ജയപ്രശാന്ത് , ജീവനക്കാരായ സിറാജുദ്ദീന്‍, സി വിനീഷ്, മുന്‍ വൈസ് പ്രസിഡന്റ് ആലി മമ്മു എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *