സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള: വിജയികളെ അനുമോദിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പ് പാലക്കാട് സംഘടിപ്പിച്ച 57-മത് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ വിജയികളായ ജില്ലയിലെ വിദ്യാര്‍ത്ഥികളെയും സ്‌കൂളുകളെയും അനുമോദിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അനുമോദന യോഗം ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. വിവിധങ്ങളായ സാമൂഹിക പ്രതിബദ്ധതാ വിഷയങ്ങള്‍ അവലോകനം ചെയ്ത് ശാസ്ത്രീയ പരിഹാരങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ കണ്ടെത്തുന്ന നൂതന ആശയങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ജില്ല വിദ്യാഭ്യാസ രംഗത്ത് കൈവരിക്കുന്ന മുന്നേറ്റം ശ്രദ്ധേയമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയില്‍ ജില്ല ഏഴാം സ്ഥാനമാണ് കരസ്ഥമാക്കിയത്.
വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, പഠന നിലവാരം മെച്ചപ്പെടുത്തല്‍, കൊഴിഞ്ഞുപോക്ക് തടയല്‍ മേഖലകളില്‍ ജില്ലാ ഭരണകൂടം കൂടുതല്‍ പ്രാധാന്യത്തോടെയാണ് ഇടപ്പെടുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി.ശാസ്ത്രോത്സവത്തില്‍ കൂടുതല്‍ പോയന്റ് നേടിയ സ്‌കൂളുകളുടെ വിഭാഗത്തില്‍ ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്ററി ഒന്നാമതായി. സയന്‍സ് മേളയില്‍ രണ്ടാം സ്ഥാനം ജില്ലയ്ക്ക് സ്വന്തമായി. സയന്‍സ് മേളയില്‍ മികച്ച വിദ്യാഭ്യാസ ഉപജില്ലയായി മാനന്തവാടി ഉപജില്ലയെ തിരഞ്ഞെടുത്തു. ഗണിത ശാസ്ത്ര മേളയില്‍ ജില്ലയ്ക്ക് ഏഴാം സ്ഥാനം ലഭിച്ചു.
ഗണിത ശാസ്ത്ര മേളയില്‍ മികച്ച വിദ്യാഭ്യാസ ഉപജില്ലകളായി മാനന്തവാടിയെയും സുല്‍ത്താന്‍ ബത്തേരിയെയും തിരഞ്ഞെടുത്തു. സാമൂഹ്യ ശാസ്ത്രമേളയില്‍ ജില്ലയ്ക്ക് നാലാം സ്ഥാനവും ഉപജില്ലകളില്‍ വൈത്തിരി സംസ്ഥാനത്ത് ഒന്നാമതുമായി. പ്രവൃത്തി പരിചയ മേളയില്‍ ജില്ലയ്ക്ക് പത്താം സ്ഥാനമാണ് ലഭിച്ചത്. ഇതേ വിഭാഗത്തില്‍ സംസ്ഥാനത്തെ മികച്ച വിദ്യാഭ്യാസ ഉപജില്ലകളായി സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, വൈത്തിരിയെയും തിരഞ്ഞെടുത്തു. ഐടി മേളയില്‍ ജില്ല പത്താം സ്ഥാനം കരസ്ഥമാക്കി. ഐ.ടി മേളയില്‍ കൂടുതല്‍ പോയിന്റ് നേടി മികച്ച വിദ്യാഭ്യാസ ജില്ലയായി മാനന്തവാടി നേട്ടം കൈവരിച്ചു.
കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന അനുമോദന യോഗത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി മന്‍മോഹന്‍, സമഗ്ര ശിക്ഷ ജില്ലാ പ്രൊജകട് കോ-ഓര്‍ഡിനേറ്റര്‍ വി അനില്‍ കുമാര്‍, വിദ്യാകിരണം കോ-ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, ഹയര്‍സെക്കന്‍ഡറി കോ-ഓര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്‍, വി.എച്ച്.എസ്.സി കോ-ഓര്‍ഡിനേറ്റര്‍ ബിനുമോള്‍ ജോസ്, കൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഹസീന, വൈത്തിരി, മാനന്തവാടി എ.ഇ.ഒമാരായ കെ.ബാബു, സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply