എസ്.ഐ.ആര്‍: പ്രധാന സംശയങ്ങളും ഉത്തരങ്ങളും
കല്‍പ്പറ്റ: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആര്‍) ഭാഗമായുള്ള എന്യൂമറേഷന്‍ ഫോറം ലഭിക്കാനും തെറ്റുകൂടാതെ അവ പൂരിപ്പിച്ച് തിരിച്ചേല്‍പിക്കാനും ഓരോ വോട്ടറും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഫോറവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന പ്രധാന സംശയങ്ങളും അവക്കുള്ള പരിഹാരങ്ങളും അറിയാം.
ഫോറം വിതരണവും തിരികെ വാങ്ങലും
എസ്.ഐ.ആര്‍ നടപടികളില്‍ ഏറ്റവും സുപ്രധാനമാണ് എന്യൂമറേഷന്‍ ഫോറം വിതരണവും തിരികെ വാങ്ങലുമടക്കം ഉള്‍പ്പെടുന്ന വിവരശേഖരണം ഘട്ടം. നിലവിലെ ഷെഡ്യൂള്‍ പ്രകാരം നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെയാണ് വീടുകയറിയുള്ള വിവരശേഖരണം. 25,000 ഓളം ബി.എല്‍.ഒമാരാണ് ഫീല്‍ഡിലുളളത്.
‘ബി.എല്‍.ഒ ആപ്’ വഴിയാണ് എന്യൂമറേഷന്‍ പ്രവര്‍ത്തനങ്ങള്‍. എത്ര പേര്‍ക്ക് ഫോറം വിതരണം ചെയ്തുവെന്ന വിവരം ആപില്‍ അപ്‌ഡേറ്റ് ചെയ്യണം. ഇതുപോലെ ഫോറം തിരികെ വാങ്ങുന്നതും ആപില്‍ ചേര്‍ക്കണം. വിതരണം ചെയ്യാത്ത ഫോമുകളുണ്ടെങ്കില്‍ അതിന്റെ കാരണം ബി.എല്‍.ഒമാര്‍ ആപില്‍ രേഖപ്പെടുത്തണം. 15 ബി.എല്‍.ഒമാര്‍ക്ക് ഒരു സൂപ്പര്‍വൈസറെയും സംശയനിവാരണങ്ങള്‍ക്കായി ഓരോ നിയോജകമണ്ഡലത്തിലും രണ്ട് ട്രെയിനര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
വോട്ടര്‍ മാപ്പിങ്
വോട്ടര്‍ വിവരങ്ങള്‍ ‘മാപ്പിങ്’ നടത്താനുള്ള സൗകര്യവും ആപ്പിലുണ്ട്. വോട്ടര്‍ വിവരങ്ങള്‍ ഓണ്‍ലൈനായി സ്ഥിരീകരിച്ച് വോട്ടറെ കരടുപട്ടികയില്‍ ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനമാണ് മാപ്പിങ്. 2002ലെയും 2025ലെയും പട്ടികയിലുള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ബി.എല്‍.ഒമാര്‍തന്നെ മുന്‍കൂട്ടി മാപ്പിങ് നടത്തിയിട്ടുണ്ട്. 2002ലെ പട്ടികയിലുള്‍പ്പെടാത്തവരെ 2002ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട രക്ഷിതാക്കളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാപ്പ് ചെയ്യുന്ന ‘ആഡ് പ്രൊജനി’, ‘സെല്‍ഫ് പ്രൊജനി’ നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. പട്ടികയിലുള്ള ഒരു വോട്ടര്‍ തന്റെ വിവരങ്ങള്‍വെച്ച് മക്കളെയോ, 18 വയസ്സ് പൂര്‍ത്തിയായ ചെറുമക്കളേയോ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിനുള്ള നടപടിക്രമമാണ് ‘ആഡ് പ്രൊജനി’ മാപ്പിങ്. 2002ലെ വോട്ടര്‍ പട്ടികയിലുള്ളയാളുടെ പിന്‍ഗാമിയാണ് താനെന്ന് സ്വയം സാക്ഷപ്പെടുത്തി വോട്ടര്‍ പട്ടികയില്‍ പേര്‍ ചേര്‍ക്കല്‍ നടപടിയാണ് ‘സെല്‍ഫ് പ്രൊജനി മാപ്പിങ്’.
2002ലെ വോട്ടര്‍പട്ടികയില്‍ പേരുണ്ടോ?
മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ‘വോട്ടേഴ്‌സ് കോര്‍ണര്‍’ ബട്ടണില്‍ ക്ലിക്ക് ചെയ്ത് എസ്.ഐ.ആര്‍ 2002 തെരഞ്ഞെടുക്കണം (https://www.ceo.kerala.gov.in/voter-search). ഇവിടെ തെളിയുന്ന വിന്‍ഡോയില്‍ ജില്ല, നിയമസഭാ മണ്ഡലം എന്നിവ നല്‍കി 2002ലെ വോട്ടര്‍പട്ടിക തിരയാം. ബൂത്തിന്റെ പേര്, വീട്ടുപേര് എന്നിവകൂടി നല്‍കിയാല്‍ വേഗത്തില്‍ വിവരങ്ങള്‍ ലഭിക്കും. ഇനി നിലവിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് https://electoralsearch.eci.gov.in/ എന്ന ലിങ്ക് വഴിലാണ് സേര്‍ച്ച് ചെയ്യേണ്ടത്. വോട്ടര്‍ ഐ.ഡി കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചോ, വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചോ, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചോ വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. ബി.എല്‍.ഒ ആരാണ് എന്നറിയുന്നതിന് https://www.ceo.kerala.gov.in/blo എന്ന ലിങ്കില്‍ പ്രവേശിച്ച് ജില്ല, നിയമസഭ മണ്ഡലം, ബൂത്തിന്റെ പേര് എന്നിവ നല്‍കിയാല്‍ മതി. ഫോണ്‍ നമ്പര്‍ സഹിതം ലഭിക്കും.
2002ലെ പട്ടികയില്‍ പേര് തെറ്റാണെങ്കില്‍?
2002ലെ പട്ടികയില്‍ പേരില്‍ തെറ്റുണ്ട്, അപൂര്‍ണവുമാണ്, എന്നാല്‍ 2025ലെ പട്ടികയില്‍ പൂര്‍ണമായ വിവരങ്ങളാണുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ 2002ലെ വിവരങ്ങള്‍ ആവശ്യപ്പെടുന്ന കോളത്തില്‍ 2002ലെ പട്ടികയില്‍ എന്താണോ ഉള്ളത് അത് അതേപടി പൂരിപ്പിച്ച് നല്‍കുകയാണ് വേണ്ടത്. 2002ലെയും 2025ലെയും പട്ടികയില്‍ ഉള്‍പ്പെട്ടയാള്‍ ഒന്നു തന്നെയാണെന്ന് സ്ഥിരീകരിക്കലാണ് വിവരസമാഹരണത്തിലൂടെ ഉദ്ദേശിക്കുന്നത്, തെറ്റു തിരുത്തലല്ല. പഴയ വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കിയാലും 2025ലെ പട്ടികയില്‍ എങ്ങനെയാണോ പേര് വിവരങ്ങള്‍, അതേ പടിയാകും ഡിസംബര്‍ ഒമ്പതിന് പുറത്തിറങ്ങുന്ന എസ്.ഐ.ആറിന്റെ കരട് പട്ടികയിലുമുണ്ടാവുക. ഇതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുന്നതിന് പിന്നീട് അവസരം നല്‍കും.
2002 പട്ടികയിലെ രക്ഷിതാവ് മരണപ്പെട്ടതാണെങ്കില്‍?
2025ലെ പട്ടികയില്‍ പേരുണ്ടെങ്കിലും 2002ല്‍ ഉള്‍പ്പെട്ടിട്ടില്ല. സ്വഭാവികമായും രക്ഷിതാവ് 2002ലെ പട്ടികയിലുണ്ടെങ്കില്‍ ആ വിവരമാണ് ചേര്‍ക്കേണ്ടത്. രക്ഷിതാവ് ഇതിനിടയില്‍ മരണപ്പെട്ടയാളാണെങ്കിലും രക്ഷിതാവിന്റെ പേര് വിവരങ്ങള്‍ പട്ടികയില്‍ ഉണ്ടായിരുന്നാല്‍ മതി. ആ വിവരങ്ങള്‍ ഫോമില്‍ പൂരിപ്പിച്ചാല്‍ നടപടി പൂര്‍ത്തിയാകും. മറ്റു രേഖകള്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല.
ഫോറം പൂരിപ്പിച്ച് നല്‍കുന്നവരെല്ലാം കരടുപട്ടികയില്‍
2025 ഒക്ടോബര്‍ 27 ലെ വോട്ടര്‍പട്ടികയില്‍ 2.78 കോടി പേരാണുള്ളത്. ഇവര്‍ക്കെല്ലാം ഫോറം അച്ചടിച്ച് വിതരണം ചെയ്യും. എന്യൂമറേഷന്‍ ഫോറം പൂരിപ്പിച്ച് തിരികെ നല്‍കിയ എല്ലാവരും ഡിസംബര്‍ ഒമ്പതിന് പുറത്തിറങ്ങുന്ന കരട് വോട്ടര്‍ പട്ടികയിലുണ്ടാകും. പിന്നീടാണ് ആക്ഷേപങ്ങള്‍ സ്വീകരിക്കലും തുടര്‍പരിശോധനയും. അന്നുമുതല്‍ ജനുവരി എട്ടു വരെ ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കാം. ഡിസംബര്‍ ഒമ്പത് മുതല്‍ ജനുവരി 31 വരെ ഹിയറിങ് രേഖകളുടെ പരിശോധന നടക്കും. ഫെബ്രുവരി ഏഴിന് അന്തിമ വോട്ടര്‍ പട്ടികയും.
ഫോറം പൂരിപ്പിച്ച് നല്‍കാന്‍ വിട്ടുപോയാല്‍?
ഫോറം പൂരിപ്പിച്ച് നല്‍കിയവര്‍ മാത്രമാണ് എസ്.ഐ.ആര്‍ കരട് പട്ടികയില്‍ ഉള്‍പ്പെടുക. ഏതെങ്കിലും കാരണത്താല്‍ ഫോറം പൂരിപ്പിച്ച് നല്‍കാനാകാത്തവര്‍ക്ക് ഡിസംബര്‍ ഒമ്പതിന് ശേഷം അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ടാകുമെന്നാണ് കമീഷന്റെ വിശദീകരണം. ഫോറം 6 നല്‍കി പട്ടികയില്‍ ചേര്‍ക്കാനായി അപേക്ഷ സമര്‍പ്പിക്കണം.
രണ്ടു പട്ടികയിലുമില്ലാത്തവര്‍?
2002ലെയും 2025ലെയും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ ഫോറം 6 (വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള ഫോം) പൂരിപ്പിച്ച് നല്‍കണം. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് ഡിസംബര്‍ ഒന്‍പതിനു ശേഷമാണ് നല്‍കേണ്ടത്. സാധാരണ ഈ ഫോറം നല്‍കുമ്പോളുള്ള നടപടിക്രമം തന്നെയാണിതിന് ഇപ്പോഴും.
പ്രവാസികള്‍ എന്ത് ചെയ്യും ?
ജോലി, പഠനം എന്നീ കാരണങ്ങളാല്‍ നാട്ടിലില്ലാത്തവര്‍ക്കായി രണ്ട് വഴികളാണ് തെരഞ്ഞെടുപ്പ് കമീഷന്‍ മുന്നോട്ടുവെക്കുന്നത്. പ്രവാസികള്‍ക്കായി ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് എന്യൂമറേഷന്‍ ഫോറം പൂരിപ്പിച്ച് ഒപ്പിട്ട് നല്‍കാം എന്നതാണ് ഇതില്‍ ഒന്ന്. രണ്ടാമത്തേത് ഓണ്‍ലൈന്‍ വഴി ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്ലോഡ് ചെയ്യലും. ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷ സമര്‍പ്പണത്തെ അപേക്ഷിച്ച് ഏറ്റവും പ്രായോഗികവും ലളിതവും സൗകര്യപ്രദവുമാണ് ആദ്യത്തെ രീതി. വിവരങ്ങള്‍ കൃത്യമായി നല്‍കിയാല്‍ മാത്രം മതിയാകും.
രണ്ടു പട്ടികയിലും പേരില്ലാത്ത പ്രവാസികള്‍ ?
2002ലെയും 2025ലെയും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത പ്രവാസികള്‍ ഫോറം 6A (പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള ഫോം) പൂരിപ്പിച്ച് നല്‍കണം. അതു പക്ഷെ ഇപ്പോഴല്ല. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് ഡിസംബര്‍ ഒന്‍പതിനു ശേഷമാണ് നല്‍കേണ്ടത്.
എംബസി സാക്ഷ്യപ്പെടുത്തണോ?
എന്യൂമറേഷന്‍ ഫോറം എംബസി സാക്ഷ്യപ്പെടുത്തണമെന്ന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അത് എടുത്തു കളഞ്ഞിട്ടുണ്ട്. വീട്ടുകാരോ അടുത്ത ബന്ധുക്കളോ ഏറ്റുവാങ്ങി ഒപ്പിട്ടു നല്‍കിയാല്‍ മതിയാകും – മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍
വാര്‍ഡ് മാറിയാല്‍ ഫോറം കിട്ടില്ല, ജാഗ്രതൈ…
2025ലെ വോട്ടര്‍ പട്ടികയിലുള്ള വാര്‍ഡിലെ വിലാസത്തിലാണ് എന്യൂമറേഷന്‍ ഫോറം എത്തുക. ഇവിടെനിന്ന് താമസം മാറിപ്പോയവര്‍ കൂടുതല്‍ ജാഗ്രത കാട്ടണം. ഉദാഹരണത്തിന് 2025ലെ വോട്ടര്‍ പട്ടിക പ്രകാരം നേമം മണ്ഡലത്തിലെ കമലേശ്വരം വാര്‍ഡിലാണ് വോട്ടറുള്ളത്. ഇതിനിടെ ഇതേ മണ്ഡലത്തിലെ മറ്റൊരു വാര്‍ഡിലേക്കോ അല്ലെങ്കില്‍ മറ്റൊരു ജില്ലയിലേക്കോ വോട്ടര്‍ താമസം മാറിയെന്നിരിക്കട്ടെ. എന്യൂമറേഷന്‍ ഫോറം വരിക നേമത്തെ കമലേശ്വരം വാര്‍ഡിലെ ബി.എല്‍.ഒയുടെ കൈയിലാകും. ബി.എല്‍.ഒ പരിശോധനക്കെത്തുന്ന ഘട്ടത്തില്‍ വീട് അടഞ്ഞുകിടക്കുകയാകും. അല്ലെങ്കില്‍ വീട് മാറിപ്പോയി എന്ന് സമീപവാസികള്‍ പറഞ്ഞിട്ടുണ്ടാകാം.
വോട്ടര്‍ സ്ഥലത്തില്ലെന്ന കാരണം ആപില്‍ ചേര്‍ത്ത് ഫോറം മടക്കി അയക്കുകയാകും ബി.എല്‍.ഒ ചെയ്യുക. എന്യൂമറേഷന്‍ പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കില്‍, സ്ഥലത്തില്ലാത്ത വോട്ടറെ അന്വേഷിച്ച് കണ്ടെത്തി ഫോറം കൈമാറാന്‍ ബി.എല്‍.ഒ മെനക്കെടണമെന്നില്ല. നിലവില്‍ താമസിക്കുന്ന വാര്‍ഡിലെ ബി.എല്‍.ഒക്ക് ഇതേക്കുറിച്ച് വിവരവുമുണ്ടാകില്ല. ഫലത്തില്‍ കരട് പട്ടിക വരുമ്പോള്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്താകുന്നതാകും സംഭവിക്കുക. പിന്നീട് ഫോറം 6 നല്‍കി പുതുതായി പേര് ചേര്‍ക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ വോട്ടര്‍തന്നെ മുന്‍ കൈയെടുക്കണമെന്നത് നിര്‍ബന്ധമാണ്. അതായത് എന്യൂമറേഷന്റെ കാര്യത്തില്‍ ‘താന്‍ പാതി ബി.എല്‍.ഒ പാതി’ എന്നതാണ് യാഥാര്‍ഥ്യം.
2002ല്‍ മറ്റൊരു ജില്ലയിലോ വേറൊരു മണ്ഡലത്തിലോ എങ്കില്‍?
തെരഞ്ഞെടുപ്പ് കമീഷന്‍ അവസാനമായി എസ്.ഐ.ആര്‍ നടപ്പാക്കിയ 2002ല്‍, വോട്ടര്‍ പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നോ എന്ന സ്ഥിരീകരിക്കലും സാക്ഷ്യപ്പെടുത്തിലുമാണ് പഴയ വിവരങ്ങള്‍ ആവശ്യപ്പെടുന്നതിലൂടെ ഉദ്ദേശിക്കുന്നത്. 2025 ഒക്ടോബറിലെ വോട്ടര്‍ പട്ടിക അനുസരിച്ചാണ് എന്യൂമറേഷന്‍ ഫോറം വിതരണം ചെയ്യുക.
നിലവില്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി നിയമസഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ടയാള്‍ 2002ല്‍ ജോലി ആവശ്യാര്‍ഥം തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണെന്ന് കരുതുക. ഇയാളുടെ നിലവിലെ താമസസ്ഥലമായ കൊടുവള്ളിയിലെ ബൂത്തിലാണ് ഫോറം കിട്ടുക. ഇയാള്‍ 2002ല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ താന്‍ താമസിച്ചിരുന്ന വാര്‍ഡിലെ വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ കണ്ടെത്തി അതാണ് ഫോമില്‍ പൂരിപ്പിക്കേണ്ടത്.
2002ല്‍ തമിഴ്‌നാട്ടിലാണെങ്കില്‍?
2002ല്‍ തമിഴ്‌നാട്ടില്‍ താമസിച്ചിരുന്നയാള്‍ ഇപ്പോള്‍ കേരളത്തിലാണ് താമസം. ഇദ്ദേഹം 2002ല്‍ തമിഴ്‌നാട്ടിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. അങ്ങനെയെങ്കില്‍ എന്യൂമറേഷന്‍ ഫോമില്‍ 2002ല്‍ തമിഴ്‌നാട്ടിലെ വിവരങ്ങളാണ്, പഴയ വിവരങ്ങള്‍ ആവശ്യപ്പെടുന്ന കോളത്തില്‍ നല്‍കേണ്ടത്. ഇത് ബിഹാര്‍ ഒഴികെ മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം ബാധകമാണ്. ബിഹാറില്‍ 2025 പുതിയ എസ്.ഐ.ആര്‍ നിലവില്‍വന്ന സാഹചര്യത്തില്‍ ഈ വിവരങ്ങളാണ് നല്‍കേണ്ടിവരിക.
ഓണ്‍ലൈന്‍ അപേക്ഷയില്‍ കടമ്പകള്‍
വോട്ടര്‍പട്ടിക വിവരങ്ങളില്‍ ഫോണ്‍ നമ്പര്‍ ബന്ധിപ്പിച്ചവര്‍ക്ക് മാത്രമാണ് ഓണ്‍ലൈന്‍ വഴി എസ്.ഐ.ആര്‍ അപേക്ഷ ഫോറം സമര്‍പ്പിക്കാനാവുക. ഇല്ലെങ്കില്‍ ഫോറം 8 വഴി വോട്ടര്‍ ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കണം. മാത്രമല്ല, പലതരം വെരിഫിക്കേഷനുകള്‍ പൂര്‍ത്തിയാക്കിയാലേ അപേക്ഷ സമര്‍പ്പിക്കാനും കഴിയൂ.
വോട്ടര്‍ ഐ.ഡി കാര്‍ഡിലെ പേര്, ജനനതീയതി, വിലാസം, മാതാപിതാക്കളുടെ വിവരങ്ങള്‍ തുടങ്ങിയവ ഡാറ്റാബേസിലെ വിവരങ്ങളുമായി പൊരുത്തപ്പെടാതെ വരുകയോ അപൂര്‍ണമാവുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും ഓണ്‍ലൈന്‍ അപേക്ഷ തുടരാനാകില്ല. ആധാര്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍കൂടിയാണ് പോര്‍ട്ടല്‍ വഴിയുള്ള എന്യൂമറേഷന്‍. വോട്ടര്‍ പട്ടികയിലെയും ആധാര്‍ വിവരങ്ങളിലും പൊരുത്തക്കേടുകളുണ്ടായാല്‍ ഓണ്‍ലൈന്‍ നീക്കങ്ങള്‍ തടസ്സപ്പെടും.
പേരിലെ വ്യത്യാസം കുരുക്കാകും
പട്ടികയിലെ പേര് ചിലപ്പോള്‍ അപൂര്‍ണമായിരിക്കും. ഇതാകട്ടെ ഓണ്‍ലൈന്‍ എന്യൂമറേഷന്‍ നടപടികളില്‍ വെല്ലുവിളിയുമാകും. ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിക്കുന്നതിന്, ആധാര്‍ ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒറ്റത്തവണ പാസ്വേര്‍ഡ് ആവശ്യപ്പെടാമെന്നതാണ് മറ്റൊന്ന്. ഫലത്തില്‍ ആധാര്‍ വോട്ടര്‍ പട്ടിക ലിങ്കിങ്ങിന് സമാനമായ സാഹചര്യമാണുണ്ടാവുക.
എസ്.ഐ.ആര്‍ 2026; ഓണ്‍ലൈന്‍ ഫോറം സമര്‍പ്പിക്കുന്നതിനുള്ള പ്രധാന നിര്‍ദേശങ്ങള്‍
വോട്ടര്‍മാര്‍ക്ക് സ്വന്തം ഓണ്‍ലൈന്‍ ഫോറം മാത്രമേ പൂരിപ്പിക്കാന്‍ കഴിയൂ. കാരണം, ഫോറം ഇ-സൈന്‍ (E-SIGN) ചെയ്യേണ്ടതാണ്.
EPIC(2025)ലുളള പേരും ആധാര്‍ ഉപയോഗിക്കുന്ന ഇ-സൈന്‍ ടൂളിലെയും പേരും കൃത്യമായി ഒരുപോലെ ആയിരിക്കണം.
വോട്ടറുടെ മൊബൈല്‍ നമ്പര്‍ EPIC-നോട് ബന്ധിപ്പിച്ചിരിക്കണം. അല്ലെങ്കില്‍, വോട്ടര്‍ ഫോം 8 പൂരിപ്പിച്ച് മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ടതാണ്. ശ്രദ്ധിക്കുക: ഫോറം ഇ-സൈന്‍ വഴി മാത്രമേ സമര്‍പ്പിക്കാനാകൂ.
ഈ വ്യവസ്ഥകളില്‍ ഉള്‍പ്പെടാത്ത വോട്ടര്‍മാര്‍ ഫോറം BLO (BOOTH LEVEL OFFICER) മുഖേന സമര്‍പ്പിക്കേണ്ടതാണ്.
ഒറ്റനോട്ടത്തില്‍
2002ലെ പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് എസ്.ഐ.ആര്‍ നടപടി.
2002ലെയും 2025ലെയും പട്ടികയില്‍ ഉള്‍പ്പെട്ടവര്‍: എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് ഒപ്പിട്ട് നല്‍കിയാല്‍ മതി.
2025ലെ പട്ടികയില്‍ ഉള്‍പ്പെട്ടവരും എന്നാല്‍, 2002ലെ പട്ടികയില്‍ ഉള്‍പ്പെടാത്തവരുമായവര്‍: മാതാപിതാക്കളോ ഇവരുടെ മാതാപിതാക്കളോ 2002ലെ പട്ടികയിലുണ്ടെങ്കില്‍ മറ്റ് രേഖകള്‍ സമര്‍പ്പിക്കേണ്ട. ഫോമില്‍ ഇക്കാര്യം സൂചിപ്പിക്കണം. മാതാപിതാക്കളുടെ 2002ലെ വോട്ടര്‍പട്ടിക വിശദാംശങ്ങള്‍ നല്‍കണം.
വ്യക്തിയോ മാതാപിതാക്കളോ 2002ലെ പട്ടികയില്‍ ഇല്ലാത്തവര്‍: ഇവരുടെ കാര്യത്തിലാണ് കമീഷന്‍ നിഷ്‌കര്‍ഷിച്ച 12 രേഖകളിലൊന്ന് സമര്‍പ്പിക്കേണ്ടിവരിക. അതിപ്പോളല്ല, നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് നല്‍കിയാല്‍ മതിയാകും.





Leave a Reply