August 25, 2026

സ്ഥാനാര്‍ത്ഥികളുടെ ചെലവ് വിവരങ്ങള്‍ ഒരു മാസത്തിനകം നല്‍കണം

0
site-psd-436
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥിയോ, സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ഏജന്റോ ചെലവഴിച്ച തുകകളുടെ വിവരങ്ങള്‍ ഫലപ്രഖ്യാപനം കഴിഞ്ഞ് 30 ദിവസത്തിനകം അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കണം. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട തിയതി മുതല്‍ ഫലം പ്രഖ്യാപിക്കുന്ന തിയതി വരെ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി നടത്തിയ ചെലവുകളുടെ വിശദമായ കണക്കുകള്‍ സ്ഥാനാര്‍ത്ഥിയും ഏജന്റും സൂക്ഷിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

സ്ഥാനാര്‍ത്ഥികള്‍ക്ക് ഗ്രാമപഞ്ചായത്തില്‍ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും നഗരസഭയിലും 75,000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനിലും 1,50,000 രൂപയുമാണ് പരമാവധി വിനിയോഗിക്കാവുന്ന തുക. ചെലവ് കണക്കില്‍ ചെലവ് നടന്ന തിയതി, ചെലവിന്റെ സ്വഭാവം, നല്‍കിയതോ നല്‍കേണ്ടതോ ആയ തുക, തുക നല്‍കിയ തിയതി, തുക കൈപ്പറ്റിയ ആളിന്റെ പേര്, മേല്‍വിലാസം, വൗച്ചറിന്റെ സീരിയല്‍ നമ്പര്‍, തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. സ്ഥാനാര്‍ത്ഥിയും ഏജന്റും അല്ലാതെ രാഷ്ട്രീയ പാര്‍ട്ടി, മറ്റേതെങ്കിലും കൂട്ടായ്മ, വ്യക്തികള്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവായി കണക്കാക്കില്ല.

ചെലവ് നിരീക്ഷകനോ മറ്റ് ഉദ്യോഗസ്ഥരോ ആവശ്യപ്പെടുമ്പോള്‍ സ്ഥാനാര്‍ഥികള്‍ ചെലവ് കണക്ക് ഹാജരാക്കണം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് മുതലുള്ള ദൈനംദിന കണക്കുകള്‍ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. സ്ഥാനാര്‍ഥികളുടെ ദൈനംദിന കണക്കുകള്‍ പരിശോധിച്ച തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച് വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെലവ് നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, അച്ചടിച്ച നോട്ടീസുകള്‍, ചുവര്‍ പരസ്യങ്ങള്‍, ബാനറുകള്‍, കമാനങ്ങള്‍, യോഗങ്ങള്‍ എന്നിവ ചെലവ് നിരീക്ഷകന്‍ പരിശോധിക്കും.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏത് സമയത്തും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ കമ്മീഷന്‍ നിയമിക്കുന്ന തെരഞ്ഞെടുപ്പ് നിരീക്ഷകനോ കണക്കുകള്‍ പരിശോധിക്കാന്‍ അധികാരമുണ്ട്. പരിശോധന വിവരങ്ങള്‍ കണക്കു സൂക്ഷിക്കുന്ന ഫോമില്‍ രേഖപ്പെടുത്തും. പണം ചെലവാക്കിയ തിയതി, ചെലവിന്റെ സ്വഭാവം തുടങ്ങിയവ വ്യക്തമാക്കണം. ഓരോ ഇനത്തിനും ചെലവാക്കുന്ന തുക പ്രത്യേകം കാണിക്കണം. കൊടുത്ത തുകയും കൊടുക്കാനുള്ള തുക വിവരങ്ങളും വേര്‍തിരിച്ച് രേഖപ്പെടുത്തണം. വൗച്ചര്‍ ലഭിക്കാന്‍ സാധ്യതയില്ലാത്ത ചെലവുകള്‍ ഒഴികെയുള്ള മറ്റ് എല്ലാ ചെലവുകള്‍ക്കും വൗച്ചര്‍ നിര്‍ബന്ധമാണ്.

നിശ്ചിത ഫോറത്തിലാവണം കണക്കുകള്‍ എഴുതി സൂക്ഷിക്കാന്‍. ചെലവ് വിവരങ്ങള്‍ സൂക്ഷിക്കാനുള്ള ഫോം വരണാധികാരിയില്‍ നിന്നും ലഭിക്കും. കണക്കിനോടൊപ്പം രസീത്, വൗച്ചര്‍, ബില്ല് തുടങ്ങിയവയുടെ പകര്‍പ്പ് നല്‍കണം. അസല്‍ ബില്ലുകള്‍ സ്ഥാനാര്‍ത്ഥി തന്നെ സൂക്ഷിക്കണം. ആവശ്യപ്പെടുന്ന മുറയ്ക്ക് ഹാജരാക്കാം. സ്ഥാനാര്‍ഥിക്കായി സ്ഥാനാര്‍ഥിയുടെ ഗുണകാംക്ഷികളോ, രാഷ്ട്രീയ പാര്‍ട്ടികളോ ചെലവാക്കുന്ന തുക സംബന്ധിച്ച് ഏന്ത് കാര്യത്തിന്, ആര് ചെലവാക്കിയെന്നും മറ്റുള്ള വിശദ വിവരങ്ങള്‍ രേഖാമൂലം വരണാധികാരിയെ അറിയിക്കണം. പണം ചെലവാക്കിയ വ്യക്തി, പാര്‍ട്ടി തുക ചെലവാക്കിയത് എന്തിനുവേണ്ടി, ഏതുദിവസം എന്നത് സംബന്ധിച്ച വിശദ വിവരങ്ങളും സ്ഥാനാര്‍ഥി സൂക്ഷിക്കണം. തര്‍ക്കമുണ്ടായാല്‍ അവ ഹാജരാക്കണം. ഇല്ലെങ്കില്‍ ചെലവുകള്‍ സ്ഥാനാര്‍ഥിയുടെ ചെലവായി കണക്കാക്കും. നിയമ വിരുദ്ധമായ ചെലവുകള്‍ സംബന്ധിച്ച് ലഭിക്കുന്ന എല്ലാ പരാതികളും ചെലവ് നിരീക്ഷകന്‍ അന്വേഷിക്കും.

സ്ഥാനാര്‍ത്ഥിക്ക് ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മൊഡ്യുള്‍ സോഫ്റ്റ്വെയറില്‍ ഓണ്‍ലൈനായും തെരഞ്ഞെടുപ്പ് ചെലവുകള്‍ സമര്‍പ്പിക്കാം. വേേു:െ//ംംം.ലെര.സലൃമഹമ.ഴീ്.ശി സന്ദര്‍ശിച്ച് ലോഗിന്‍ ക്രിയേറ്റ് ചെയ്ത് ചെലവ് കണക്കുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നല്‍കാം. ഓണ്‍ലൈനായി തെരഞ്ഞെടുപ്പ് ചെലവുകള്‍ നല്‍കുന്നത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌പോര്‍ട്ടലില്‍ ലഭിക്കും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *