തമിഴ്‌നാട് അതിർത്തിയിൽ വൻ രാസലഹരി വേട്ട: 124 ഗ്രാം എം.ഡി.എം.എയുമായി സ്ഥിരം കുറ്റവാളി പിടിയിൽ
അമ്പലവയൽ: തമിഴ്‌നാട് അതിർത്തിയിൽ പോലീസിന്റെ വൻ രാസലഹരി വേട്ട. വാണിജ്യ അളവിൽ എം.ഡി.എം.എ കടത്താൻ ശ്രമിച്ച ബൈക്ക് യാത്രികനായ അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണി പിടിയിലായി. കൽപ്പറ്റ മുണ്ടേരി താന്നിക്കൽ വീട്ടിൽ വേണുഗോപാൽ (35) ആണ് 124.39 ഗ്രാം എം.ഡി.എം.എയുമായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും അമ്പലവയൽ പോലീസിന്റെയും പിടിയിലായത്.
കഴിഞ്ഞ 2026 ജൂലൈ 20 ഉച്ചയോടെ കോട്ടൂർ പാലത്തിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് ഇയാൾ വലയിലാകുന്നത്. തമിഴ്‌നാട് എരുമാട് ഭാഗത്ത് നിന്നും ഇയാൾ ഓടിച്ചു വന്ന കെ.എൽ. 57 യു 3031 നമ്പർ ഡോമിനർ ബൈക്ക് പോലീസ് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് ലഹരി കണ്ടെടുത്തത്. ലഹരികേസിൽ ജയിലിൽ നിന്നിറങ്ങിയ ശേഷം വീണ്ടും ലഹരികടത്തിയ ഇയാൾ മുൻപ് നിരവധി ലഹരിക്കേസുകളിൽ പ്രതിയും സ്ഥിരം ലഹരി വിൽപ്പനക്കാരനുമാണ്. പോലീസ് സംഘത്തിൽ എസ്.ഐമാരായ എം. രവീന്ദ്രൻ, വി.ജെ. എൽദോ, എ.എസ്.ഐ സനൽ, സി.പി.ഒ മുഹമ്മദ് അൻസാരി തുടങ്ങിയവരുണ്ടായിരുന്നു.





Leave a Reply