വൻ വിലക്കുറവിൽ മരുന്നുകൾ വില്‌പന നടത്തുന്ന സ്ഥാപനങ്ങളിലെ പരിശോധനകൾ കാര്യക്ഷമമാക്കണം : എകെസിഡിഎ
സുൽത്താൻ ബത്തേരി: സംസ്ഥാനത്ത് കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ സംസ്ഥാന ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെൻറ് നടത്തിയ ‘ഓപ്പറേഷൻ ഡബിൾ ചെക്ക്’ ൽ സിച്ച കമ്പനിയുടെ വ്യാജ മരുന്ന് പിടിച്ചതുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിലും നടത്തിയ പരിശോധനയിൽ മീനങ്ങാടി കേന്ദ്രീകരിച്ചുള്ള മൊത്തവിതരണ സ്ഥാപനത്തിൽ നിന്നും സിപ്ല കമ്പനിയുടെ വ്യാജ മരുന്നുകൾ കണ്ടെത്തിയത് പൊതുജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു.
സംസ്ഥാന ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെൻ്റ് നടത്തുന്ന പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാൻ വൻവിലക്കുറവിൽ എന്ന വ്യാജേന ഡിസ്‌കൗണ്ട് ബോർഡുകൾ ഉൾപ്പെടെ പ്രദർശിപ്പിച്ച് മരുന്നുകൾ 80 % വരെ വിലക്കുറവിൽ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന വ്യാജ മരുന്നുകൾ വില്പന നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആൾ കേരള കെമിറ്റ്സ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
എകെസിഡിഎ യിൽ അംഗങ്ങളായിട്ടുള്ള ഹോൾസെയിൽ റീട്ടെയ്ൽ കച്ചവടക്കാർ മരുന്ന് കമ്പനികളുടെ അംഗീകൃത വിതരണക്കാരും, റീട്ടെയിലേഴ്‌സ് കമ്പനി അംഗീകൃത വിതരണക്കാരിൽ നിന്നും പർച്ചേസ് നടത്തിയാണ് മരുന്നുകൾ വിൽപ്പന നടത്തുന്നത്.
എന്നാൽ കുറച്ചു കാലങ്ങളായി വൻവിലക്കുറവിൽ എന്ന വ്യാജേന പരസ്യ ബോർഡുകൾ ഉൾപ്പെടെയും, സോഷ്യൽ മീഡിയയിലും പരസ്യം നൽകിയും ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിൽപ്പന നടത്തി പൊതുജന ആരോഗ്യത്തെ തകർക്കുന്ന തരത്തിൽ ചില സ്ഥാപനങ്ങൾ കച്ചവടം നടത്തുകയാണ്.
മരുന്ന് കമ്പനികൾ നൽകുന്ന ലാഭമാർജിനിലും വിലകുറച്ച് മരുന്നുകൾ വില്പന നടത്തുന്നത് എങ്ങനെയെന്നുള്ളത് കണ്ടെത്താൻ ഡിപ്പാർട്ട്മെൻറ് കൂടുതൽ കാര്യക്ഷമമായി പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്.
സിപ്ല കമ്പനിയുടെ വ്യാജമരുന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെൻറ് നടത്തുന്ന പരിശോധന സ്വാഗതാർഹമാണ്. ഇത്തരത്തിൽ അന്യസംസ്ഥാനത്തു നിന്നും വ്യാജ മരുന്നുകൾ എത്തിച്ച് വിൽപ്പന നടത്തുന്ന ശൃംഖലയെ കണ്ടെത്താനും, ഔഷധ വ്യാപാര മേഖലയും സംരക്ഷിക്കാൻ ആവശ്യമായ നിയമനിർമ്മാണങ്ങൾ നടത്താനും സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം.
വയനാട് ജില്ലയിൽ എകെസി ഡിഎ യിൽ അംഗങ്ങൾ ആയിട്ടുള്ള റീട്ടെയിൽ ഔഷധ വ്യാപാരികൾ വ്യാജ മരുന്ന് വിൽപ്പന നടത്തിയ മീനങ്ങാടിയിലെ മൊത്ത വിതരണ സ്ഥാപനവുമായി യാതൊരുവിധ കച്ചവട ഇടപാടുകളും നടത്തിയിട്ടില്ല. മാത്രമല്ല ഈ സ്ഥാപനത്തിന് സംഘടനയിൽ അംഗത്വവുമില്ലെന്നും എകെ സിഡിഎ വയനാട് ജില്ല ഭാരവാഹികൾ അറിയിച്ചു.
ജില്ലാ പ്രസിഡണ്ട് സിപി ജോയിക്കുട്ടി, സെക്രട്ടറി എ.കെ രാമകൃഷ്ണൻ, ട്രഷറർ എ.ജമാലുദ്ദീൻ, സംസ്ഥാന സെക്രട്ടറി നാസർ അറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.





Leave a Reply