April 25, 2026

പട്ടികവര്‍ഗ ഉന്നതികളില്‍ കുടിവെള്ളം: 4.6 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുന്നു

0
IMG_20251210_162757
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വയനാട്ടിലെ തിരുനെല്ലി, നൂല്‍പ്പുഴ പഞ്ചായത്തുകളിലെ കുടിവെള്ള വിതരണ സംവിധാനം ഇല്ലാത്ത ഉന്നതികളില്‍ ശുദ്ധജലം എത്തിക്കുന്നതിന് 4.6 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അസീം പ്രേംജി ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നത്. മൂന്നു വര്‍ഷം നീളുന്നതാണ് പദ്ധതി പ്രവര്‍ത്തനം. ഇതിനു 3.54 കോടി രൂപ അസീം പ്രേംജി ഫൗണ്ടേഷനില്‍നിന്നു ഗ്രാന്റായി ലഭിക്കും.

തിരുനെല്ലി പഞ്ചായത്തിലെ കുനിക്കോട്, നാഗമന, ദംപട്ട, മധ്യപാടി, അഞ്ചുപൊതി, കുന്നിയൂര്‍, എടയൂര്‍കുന്ന്, നൂല്‍പ്പുഴ പഞ്ചായത്തിലെ മായിക്കര, മാടകുന്ന്, അംബേദ്കര്‍ മണലിമൂല, മാടപ്പുര, ഓടാന്‍കൊല്ലി, കോളൂര്‍ ഉന്നതികളിലാണ് കുടിവെള്ള വിതരണ പദ്ധതി നടപ്പിലാക്കുന്നത്. പുതിയ പഞ്ചായത്ത് ഭരണസമിതികള്‍ നിലവില്‍വരുന്നതോടെ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കും. രണ്ട് പഞ്ചായത്തുകളിലും പദ്ധതി ഓഫീസ് ആരംഭിക്കും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ടീം ലീഡര്‍, സീനിയര്‍ സിവില്‍ എന്‍ജിനിയര്‍, ജൂണിയര്‍ സിവില്‍ എന്‍ജിനിയര്‍മാര്‍, കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സൂപ്പര്‍വൈസര്‍, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍മാര്‍എന്നിവരടങ്ങുന്ന 11 അംഗ ടീമിനെ സൊസൈറ്റി നിയോഗിച്ചിട്ടുണ്ട്. ലോക ബാങ്ക് കണ്‍സള്‍ട്ടന്റും കേരളത്തില്‍ ജലനിധി പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനുമായ പി.കെ. കുര്യന്‍ പദ്ധതികളുടെ കണ്‍സള്‍ട്ടന്റാണ്.

പദ്ധതിയുടെ ഭാഗമായി ടീം അംഗങ്ങള്‍ക്കു പങ്കാളിത്ത പദ്ധതി ആസൂത്രണം എന്ന വിഷയത്തില്‍ ദ്വിദിന പരിശീലനം സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടന്നു. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍ ഉദ്ഘാടനം ചെയ്തു. കണ്‍സള്‍ട്ടന്റ് പി.കെ. കുര്യന്‍, സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ്, പട്ടികവര്‍ഗ വികസന റിട്ട.ഓഫീസര്‍ ടി.ജി. ജോസഫ് എന്നിവര്‍ ക്ലാസെടുത്തു. ടീം ലീഡര്‍ ദീപു ജോസഫ്, സീനിയര്‍ സിവില്‍ എന്‍ജിനിയര്‍ സെബാസ്റ്റ്യന്‍ മാത്യു, ജൂണിയര്‍ സിവില്‍ എന്‍ജിനീയര്‍ ബിജു നെന്‍മേനി എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *