കൽപ്പറ്റ നഗരസഭ എൽ ഡി എഫ് തൂത്തുവാരി; ബിജെപി രണ്ട് അക്കൗണ്ടും തുറന്നു.
കൽപ്പറ്റ: യുഡിഎഫിൻ്റെ കയ്യിൽ നിന്നും എൽ ഡി എഫ് കൽപറ്റ നഗരസഭ തൂത്തു വാരിയെടുത്തു.
എൽ.ഡി.എഫ്. 30 ൽ 17 സീറ്റും നേടിയാണ് എൽ.ഡി.എഫ് തിരിച്ചു വരുന്നത്. യു.ഡി.എഫ് 11 സീറ്റിൽ ഒതുങ്ങി. അതേ സമയം, ചരിത്രത്തിലായി ബി.ജെ.പി നഗരസഭയിൽ അക്കൗണ്ട് തുറന്നു. പുളിയാർമല, കൈനാട്ടി ഡിവിഷനുകളിലാണ് എൻ.ഡി.എ വിജയിച്ചത്. നഗരസഭയുടെ രൂപീകരണം മുതൽ എൽ.ഡി.എഫിന്റെ ശക്തികേന്ദ്രമായിരുന്ന നഗരസഭ 2010ൽ ജനതാദൾ യു.ഡി.എഫിലേക്ക് ചേക്കേറിയതോടെയാണ് 21 സീറ്റ് നേടി ചരിത്രത്തിലാദ്യമായി യു.ഡി.എഫ് ഭരണം കൈക്കലാക്കിയത്. തുടർന്ന് 2015ലും യു.ഡി.എഫ് ഭരണം നിലനിർത്തി. ഇതിനിടെ, ജനതാദൾ എൽ.ഡി.എഫിലേക്ക് തിരികെ പോയതോടെ കാലാവധി തീരും മുൻപേ ഭരണം എൽ.ഡി.എഫിനായി. എന്നാൽ 2020ൽ യു.ഡി.എഫ് ഭരണം തിരിച്ചുപിടിക്കുകയായിരുന്നു. 28ൽ 15 സീറ്റുകളുമായാണ് യു.ഡി.എഫ് നഗരസഭ ഭരിച്ചിരുന്നത്. ഇത്തവണ വാർഡ് പുനർവിഭജത്തിൽ 28 ഡിവിഷനുകൾ 30 ആയി ഉയർന്നിട്ടുണ്ട്. ജില്ലാ ആസ്ഥാന നഗരത്തിൽ ഭരണം കൈപിടിയിലൊതുക്കാൻ ഇത്തവണ ഇരു മുന്നണികളും കനത്ത പോരാട്ടമാണ് നടന്നതെങ്കിലും വിമത ശല്യവും ഗ്രൂപ്പ് കളിയും യു.ഡി.എഫ് നിരവധി സീറ്റുകൾ നഷ്ടമാകാൻ കാരണമായി എന്നാണ് വിലയിരുത്തൽ. നാലു വാർഡുകളിലാണ് യു.ഡി.എഫിന് വിമത സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നത്. യു ഡി എഫിൽ തന്നെ സീറ്റ് തർക്കങ്ങളും ഉടലെടുത്തിരുന്നു.





Leave a Reply