വയോധികയെയും പേരകുട്ടികളെയും മർദ്ദിക്കുന്നയാൾക്കെതിരെ കർശന നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ
വയനാട്: വയോധികയെയും പ്രായപൂർത്തിയാകാത്ത കുട്ടികളെയും അടിക്കടി മർദ്ദിക്കുന്നയാൾക്കെതിരെ കർശന നടപടികൾ അടിയന്തരമായി
സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജൂനാഥ് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
കൽപ്പറ്റ വെള്ളാരംകുന്ന് സ്വദേശിനി മാധവിയെയും അവരുടെ മകന്റെ മക്കളെയും മർദ്ദിക്കുന്ന പ്രദേശവാസിയായ സുരേഷിനെതിരെ നടപടിയെടുക്കാനാണ് കമ്മീഷൻ നിർദ്ദേശിച്ചത്.
മാധവി എൻസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു. മൂത്തമ്മ എന്നയാൾക്ക് എസ്റ്റേറ്റ് അനുവദിച്ച് നൽകിയ 3 സെന്റ് സ്ഥലം മാധവിയുടെ ഭർത്താവ് പണം നൽകി വാങ്ങി അവിടെ ഷെഡ് നിർമ്മിച്ച് താമസിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സുരേഷ് അവകാശപ്പെടുന്നുണ്ട്. സുരേഷിന് ഇതിന് സമീപം 2 സെന്റ് സ്ഥലമുണ്ട്. മാധവി താമസിക്കുന്ന ഷെഡിൽ ചെന്ന് സുരേഷ് ബഹളമുണ്ടാക്കുന്നത് പതിവാണെന്ന് ഐ.ജി.യുടെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തി.ഇതിനെതിരെ കൽപ്പറ്റ പോലീസ് കേസുകളെടുത്തിട്ടുണ്ട്. എന്നാൽ ക്രൈം നമ്പർ 352/ 22, 623/22 കേസുകളിൽ കുട്ടികളെ മർദ്ദിച്ചതിന്
ജൂവനൈൽ ജസ്റ്റിസ് നിയമ പ്രകാരം വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണവിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. സുരേഷുമായി നടന്ന വഴക്കിനെ തുടർന്ന് 2022 ഓഗസ്റ്റ് 13 ന് മാധവിയുടെ മകൻ രവിചന്ദ്രൻ ആത്മഹത്യ ചെയ്തിരുന്നു.
ഉത്തരവിന്റെ പകർപ്പ് കൽപറ്റ എസ് എച്ച്.ഒക്കും അയച്ചു. രവിചന്ദ്രന്റെ ഭാര്യ സമർപ്പിച്ച പരാതിയിലാണ് നടപടി.




Leave a Reply