കടുവ ആക്രമണത്തിൽ വയോധികന് മരണം ; നാട്ടുകാരുടെ പ്രതിഷേധം ശക്തം
വയനാട്: വയനാട് ജില്ലയിലെ കാപ്പിസെറ്റ് ചെട്ടിമറ്റം പ്രദേശത്ത് കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. ദേവർഗദ്ധ ഉന്നതി സ്വദേശിയായ കൂമൻ (65) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. വന്യജീവി ശല്യം രൂക്ഷമായ വയനാട്ടിൽ ജനങ്ങളുടെ സുരക്ഷയെ സംബന്ധിച്ച ആശങ്കകൾ വീണ്ടും വർദ്ധിപ്പിക്കുന്നതാണ് ഈ സംഭവം.
ഇന്ന് വൈകുന്നേരത്തോടെ പുഴയോരത്ത് കുടുംബാംഗങ്ങളോടൊപ്പം നിൽക്കുകയായിരുന്നു കൂമൻ. ഈ സമയത്ത് അപ്രതീക്ഷിതമായി പാഞ്ഞെത്തിയ കടുവ ഇദ്ദേഹത്തെ ആക്രമിക്കുകയും കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു. വനപാലകരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പിന്നീട് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് വലിയ തോതിലുള്ള ജനരോഷം ആളിപ്പടരുകയാണ്. വന്യജീവി ആക്രമണങ്ങളിൽ തുടർച്ചയായി ജീവനുകൾ പൊലിയുന്നതിൽ അധികൃതർ അനാസ്ഥ കാണിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
മൃതദേഹം മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് അവർ മുന്നോട്ടുവെക്കുന്നത്
കൊല്ലപ്പെട്ട കൂമന്റെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുക,കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കുക.
ഈ ആവശ്യങ്ങളിൽ വ്യക്തമായ തീരുമാനം ഉണ്ടാകാതെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഒൻപതാമത്തെ ആളാണ് കൂമൻ. നേരത്തെ തോമസ്, പ്രജീഷ്, രാധ തുടങ്ങിയവരും സമാനമായ രീതിയിൽ കടുവയുടെ ആക്രമണത്തിന് ഇരയായിരുന്നു. ജനവാസ മേഖലകളിൽ വന്യജീവികൾ ഇറങ്ങുന്നത് തടയാൻ ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ജില്ലയിൽ ശക്തമാണ്.





Leave a Reply