പ്രതീക്ഷയുടെ പുതിയ പുലരി തേടി വയനാട്; പരിഹാരം കാത്ത് പ്രമുഖ പ്രശ്നങ്ങൾ.
കല്‍പ്പറ്റ: ചിരകാല സ്വപ്‌നങ്ങളില്‍ കുറെയങ്കിലും ഈ വര്‍ഷം സഫലമാകുമെന്ന ചിന്തയിലാണ് വയനാടന്‍ ജനത. വനാതിര്‍ത്തി ഗ്രാമങ്ങളിലെ അതിരൂക്ഷമായ വന്യമൃഗശല്യം, ജില്ലയെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാ പാതയുടെ അഭാവം, ചികിത്സാരംഗത്തെ പിന്നാക്കാവസ്ഥ, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, പട്ടികവര്‍ഗക്കാരുടെ ഭൂ-ഭവന രാഹിത്യം… ഇങ്ങനെ നീളുന്നതാണ് ജില്ലയിലെ പ്രശ്‌നങ്ങള്‍. ഇവയുടെ പരിഹാരത്തിനു പുറമേ വയനാട് റെയില്‍വേ, ബൈരക്കുപ്പ പാലം, ദേശീയപാത 766ല്‍ രാപകല്‍ വ്യത്യാസമില്ലാതെയുള്ള സുഗമ സഞ്ചാരം തുടങ്ങിയവയും ജനമനസുകളിലെ മോഹങ്ങളാണ്. പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ സമയബന്ധിത പുനരധിവാസം മറ്റൊരു ആഗ്രഹമാണ്.
*വേണം, ഫലപ്രദ വന്യജീവി പ്രതിരോധ പദ്ധതികള്‍
ജില്ല നേരിടുന്ന ഗുരുതര പ്രശ്‌നമാണ് വന്യമൃഗശല്യം. കാടിനോടുചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളില്‍ കടുവയും പുലിയും ആനയും പന്നിയും മാനും ഉള്‍പ്പെടെ വന്യജീവികള്‍ ദിനേനയെന്നോണം വന്നുംപോയും ഇരിക്കുകയാണ്. കാര്‍ഷികവൃത്തി ദുഷ്‌കരമാക്കുന്ന ഇവ മനുഷ്യജീവനും വെല്ലുവിളി ഉയര്‍ത്തുകയാണ്.
2025ല്‍ മാനന്തവാടി പഞ്ചാരക്കൊല്ലിയിലും പുല്‍പ്പള്ളി വണ്ടിക്കടവിനു സമീപവുമായി രണ്ടു പേരെ കടുവ കൊന്നു. കാപ്പാട്, അട്ടമല ഏറാട്ടുകുണ്ട് എന്നിവിടങ്ങളില്‍ ഓരോ ആളുകളെ കാട്ടാന വകവരുത്തി. വന്യമൃഗ ആക്രമണത്തില്‍ പരിക്കേറ്റവര്‍ ഒന്നും രണ്ടുമല്ല. വന്യമൃഗങ്ങള്‍മൂലം വളര്‍ത്തുജീവികള്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. വന്യമൃഗ പ്രതിരോധത്തിന് ഓരോ പ്രദേശത്തിനും യോജിച്ച ശാസ്ത്രീയ പദ്ധതികളാണ് ആവശ്യം. വനാതിര്‍ത്തി മേഖലകളില്‍ അങ്ങിങ്ങ് നടപ്പാക്കിയ പ്രതിരോധ പദ്ധതികളില്‍ പലതും ഫലവത്താകാത്ത സ്ഥിതിയാണുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനും കൂടുതല്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാനും വനം വകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നാണ് ജനം കരുതുന്നത്. വന്യമൃഗശല്യംമൂലം ജനങ്ങള്‍ അനുഭവിക്കുന്ന വിഷമതകളിലേക്ക് കേന്ദ്ര, സംസ്ഥാന ഭരണാധികാരികളുടെ കരുണയോടെയുള്ള നോട്ടമാണ് ജനം പ്രതീക്ഷിക്കുന്നത്.
* സുഗമമാകണം പുറത്തേക്കുള്ള യാത്ര
വയനാട്ടില്‍നിന്നു കോഴിക്കോട് ഭാഗത്തേക്കുള്ള യാത്ര ഉടനെയല്ലെങ്കിലും സുഗമമാകുന്നതിന് സാഹചര്യം ഒരുങ്ങുന്നതിന്റെ ആഹഌദം ജില്ലയിലെങ്ങുമുണ്ട്. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുകയാണ്. പദ്ധതിക്കെതിരേ വയനാട് പ്രകൃതി സംരക്ഷണ സമിതി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് പ്രകൃതി സമിതിയുടെ നീക്കം. ഇത് വിപരീതഫലം ഉളവാക്കില്ലെന്നാണ് ജനങ്ങളില്‍ ഭൂരിഭാഗവും കരുതുന്നത്. തുരങ്കപാതയ്ക്കായി പാറ തുരക്കുന്ന പ്രവൃത്തി ഈ മാസം ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ടവരില്‍നിന്നു ലഭിക്കുന്ന വിവരം. നാല് വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്.
ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ചുരം ബൈപാസിനു ഡിപിആര്‍ തയാറാക്കുന്നതിനു ടെന്‍ഡര്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അംഗീകാരമായിട്ടുണ്ട്. ബൈപാസ് നിര്‍മിക്കുന്നത് താമരശേരി ചുരത്തിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിനു സഹായകമാകും. 14.5 കിലോമീറ്റര്‍ വരുന്നതാണ് ബൈപാസ്. ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകള്‍ വീതി വര്‍ധിപ്പിച്ച് നവീകരിക്കാനുള്ള നീക്കം നടന്നുവരികയാണ്. പടിഞ്ഞാറത്തറ-പൂഴിത്തോട് ചൂരം ബദല്‍ റോഡ് ജലരേഖയായി മാറില്ലെന്ന സൂചനയാണ് ഇപ്പോഴുള്ളത്. റോഡിനു വേണ്ടി പടിഞ്ഞാറത്തറ ജനകീയ കര്‍മ സമിതി മൂന്നു വര്‍ഷമായി പോരാട്ടത്തിലാണ്. റോഡിനു പ്രാഥമിക ഡിപിആര്‍ തയാറാക്കിയെങ്കിലും തുടര്‍ നടപടികള്‍ വൈകുകയാണ്. സമരത്തിന്റെ അടുത്തഘട്ടം പ്രഖ്യാപനം നാലിന് പടിഞ്ഞാറത്തറയില്‍ നടത്തും. 26ന് ചുരത്തില്‍ പദയാത്ര നടത്താനും കര്‍മസമിതി തീരുമാനിച്ചിട്ടുണ്ട്
* പുനരധിവാസം വേഗത്തില്‍ പൂര്‍ത്തിയാക്കണം
പുരരധിവാസം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍. കല്‍പ്പറ്റയ്ക്കടുത്ത് ടൗണ്‍ഷിപ്പിന്റെ നിര്‍മാണം വേഗത്തില്‍ നടന്നുവരികയാണ്. ദുരന്തബാധിതര്‍ക്ക് വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ശ്രേയസും ഉള്‍പ്പെടെ വിവിധ പ്രസ്ഥാനങ്ങള്‍ മുഖേന കത്തോലിക്കാസഭ നല്‍കുന്ന വീടുകളുടെ പ്രവൃത്തി പുരോഗതിയിലാണ്. മുസ്‌ലിംലീഗ് പ്രഖ്യാപിച്ച ഭവന പദ്ധതി യാഥാര്‍ഥ്യത്തോട് അടുക്കുകയാണ്. ഭവന നിര്‍മാണത്തിന് സ്ഥലം വാങ്ങുന്നതിന് ഊര്‍ജിത ശ്രമത്തിലാണ് കോണ്‍ഗ്രസ്. ടൗണ്‍ഷിപ്പില്‍ 200ല്‍ അധികം വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായിട്ടുണ്ട്. അഞ്ച് സോണുകളിലായി 410 വീടുകളാണ് ആകെ നിര്‍മിക്കുന്നത്. ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടമായവര്‍ക്കെല്ലാം വരുന്ന മഴക്കാലത്തിനു മുമ്പ് വീടാകുമെന്നാണ് പൊതുവെ അനുമാനം.
* കബനിക്കു കുറുകെ പാലം വേണം
കേരളത്തിലെ പെരിക്കല്ലൂരിനെ കര്‍ണാടകയിലെ ബൈരക്കുപ്പയുമായി ബന്ധിപ്പിച്ച് കബനി നദിക്കു കുറുകെ പണിയേണ്ടതാണ് ബൈരക്കുപ്പ പാലം. 1994ല്‍ അന്നത്തെ കര്‍ണാടക, കേരള മുഖ്യമന്ത്രിമാര്‍ ചേര്‍ന്നു ശിലാസ്ഥാപനം നടത്തിയെങ്കിലും പാലം യാഥാര്‍ഥ്യമായില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കര്‍ണാടക ഉയര്‍ത്തിയ തടസങ്ങളാണ് പാലം പണിക്കു വിഘാതമായത്. വയനാടിന്റെ വികസനക്കുതിപ്പിനു സഹായകമാകുന്ന ബൈരക്കുപ്പ പാലം നിര്‍മിക്കുന്നതിലെ വിഘ്‌നങ്ങള്‍ കേരള, കര്‍ണാടക സര്‍ക്കാരുകള്‍ കൈകോര്‍ത്താല്‍ നീങ്ങുമെന്നു കരുതുന്നവര്‍ കുറവല്ല. വയനാട് ലോക്‌സഭാമണ്ഡലത്തെ കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതിനിധാനം ചെയ്യുന്നതും കര്‍ണാടക കോണ്‍ഗ്രസ് ഭരണത്തിലാണെന്നതും സാധ്യതയായി കാണുന്നവര്‍ നിരവധിയാണ്. തലശേരി-മൈസൂരു, നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍ പദ്ധതികള്‍ക്കായുള്ള വയനാടിന്റെ നിലവിളി വനരോദനമായി അവശേഷിക്കുന്ന സാഹചര്യത്തിനു പുതുവര്‍ഷത്തില്‍ മാറ്റം പ്രതീക്ഷിക്കുന്നവരുണ്ട്.
*രാത്രിയാത്രാനിരോധനം നീങ്ങണം
ദേശീയപാത 766 എന്ന് പുനര്‍നാമകരണം ചെയ്ത എന്‍എച്ച് 212ല്‍ ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെയുള്ള ഭാഗത്ത് രാത്രിയാത്ര വിലക്കി 2007 ജൂണ്‍ ഏഴിനാണ് കര്‍ണാടക ചാമരാജ്‌നഗര്‍ ജില്ലാ കളക്ടര്‍ ഉത്തരവായത്. ദേശീയപാതയില്‍ വനഭാഗത്ത് വന്യജീവികള്‍ വാഹനം ഇടിച്ച് ചാകുന്നതു കണക്കിലെടുത്ത് ബന്ദിപ്പുര കടുവാസങ്കേതം മേധാവി ശിപാര്‍ശ ചെയ്തതനുസരിച്ചായിരുന്നു ഉത്തരവ്. കേരള സര്‍ക്കാരും മറ്റും ഇടപെട്ടതിനെത്തുടര്‍ന്ന് കളക്ടറുടെ ഉത്തരവ് കര്‍ണാടക മുഖ്യമന്ത്രി പിന്‍വലിച്ചു. ഈ നടപടി ചോദ്യം ചെയ്ത് പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീനിവാസബാബു കര്‍ണാടക ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കി. ഇത് പരിഗണിച്ച കോടതി ബന്ദിപ്പുര വനത്തിലൂടെയുള്ള രണ്ട് ദേശീയപാതകളിലെയും രാത്രിയാത്രാ നിരോധനം ശരിവച്ച് 2009 ജൂലൈ 27നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കടുവാസങ്കേതം പരിധിയില്‍ രാത്രി ഒമ്പതിനും രാവിലെ ആറിനും ഇടയില്‍ ഗതാഗതം നിരോധിച്ച് 2010 മാര്‍ച്ച് 13നു അന്തിമ ഉത്തരവും ഇറക്കി. ഇതിനെതിരേ കേരള സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസ് സുപ്രീം കോടതിയില്‍ തുടരുകയാണ്. കോഴിക്കോടിനെ വയനാട് വഴി കൊല്ലേഗലുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ രാത്രിയാത്രാവിലക്ക് നീക്കാന്‍ കര്‍ണാടക സഹകരിക്കാത്ത സ്ഥിതിയാണുള്ളത്..





Leave a Reply