വയനാട് മെഡിക്കൽ കോളേജ്:പോരായ്മകൾ പരിഹരിക്കാൻ നിതാന്ത ശ്രമം: മന്ത്രി ഒ. ആർ കേളു
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ നിതാന്ത പരിശ്രമം തുടരുമെന്നും, ഏതെങ്കിലും പ്രത്യേകം ലക്ഷ്യം വെച്ച് സ്ഥാപനത്തെ തകർക്കാനുള്ള ശ്രമം ഉണ്ടെങ്കിൽ അനുവദിക്കില്ല എന്നും മന്ത്രി ഒ.ആർ കേളു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വയനാട് ജില്ലയിൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കണമെന്ന സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഭാഗമായാണ് മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജ് ആയി ഉയർത്തിയത്.
ഇതൊരു പ്രഖ്യാപനം മാത്രമായിരുന്നില്ല എന്നതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് പിന്നീട് ഇങ്ങോട്ടുള്ള ദിവസങ്ങളിൽ സർക്കാർ ഈ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകളിൽ നിന്ന് വയനാട്ടിലെ പൊതു സമൂഹം മനസ്സിലാക്കുന്നത്. 140 തസ്തികകൾ മെഡിക്കൽ കോളേജിനായി അനുവദിച്ചു എന്നതായിരുന്നു സർക്കാർ ആദ്യം സ്വീകരിച്ച നടപടി. 125 അധ്യാപക തസ്തികകളും, 15 അനധ്യാപക തസ്തികകളും ആണ് ഇങ്ങനെ അനുവദിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മെഡിക്കൽ കോളേജുകളോട് അനുബന്ധിച്ച് നഴ്‌സിംഗ് കോളേജുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ നഴ്‌സിംഗ് കോളേജ് ആരംഭിക്കാൻ ഉള്ള പ്രഖ്യാപനം വന്നതോടെ മാനന്തവാടിക്ക് ഒരു നഴ്‌സിംഗ് കോളേജ് കൂടി ലഭിച്ചു എന്നതും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു ചരിത്ര നേട്ടമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് കാർഡിയോളജി വിഭാഗം ഇല്ലാത്ത മെഡിക്കൽ കോളേജ് എന്ന പരിമിതി മറികടക്കുന്നതിനായി കാർഡിയോളജി വിഭാഗം ആരംഭിക്കുകയും ആവശ്യം വേണ്ട തസ്തികകൾ അനുവദിക്കുകയും, കാത്ത് ലാബ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. വയനാട് ജില്ലയിൽ സർക്കാർ മേഖലയിലെ ആദ്യ കാത്ത് ലാബും മാനന്തവാടി മെഡിക്കൽ കോളേജിലാണ് എന്നത് അഭിമാനർഹമായ ഒന്നാണ്. 2025 ൽ മാത്രം കാർഡിയോളജി വിഭാഗത്തിൽ 267 ആഞ്ചിയോപ്ലാസ്റ്റിയും, 471 ആഞ്ചിയോഗ്രാമും നടന്നു എന്നത് വയനാട് ജില്ലയിലെ ഹൃദയാരോഗ്യ മേഖലയിലെ ചരിത്ര നേട്ടമാണ്.
പിന്നീട് എം ബി ബി എസ് പഠന സൗകര്യം വയനാട് ജില്ലക്ക് ലഭ്യമാക്കുന്നതിനായി നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം ലഭിക്കുന്നതിനായി അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിന് വലിയ പരിശ്രമം സർക്കാരും ആരോഗ്യ വകുപ്പും നടത്തി എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. 10 കോടിയോളം രൂപ ഈ സൗകര്യങ്ങൾ ഒരുക്കുന്നതിനായി സർക്കാർ അതിവേഗം അനുവദിച്ചു. കൃത്യമായ മേൽനോട്ടത്തിന്റെയും, ബൃഹത്തായ ജനകീയ കൂട്ടായ്മയുടെയും സഹായത്തോടെ എല്ലാ വൈതരണികളും അതിജീവിച്ച് എം. ബി. ബി. എസ് പ്രവേശനത്തിന് അനുമതി നേടാൻ സാധിച്ചു. ഇത് വയനാട് ജില്ലയുടെ വികസന ഭൂപടത്തിൽ തങ്ക ലിപികളിൽ രേഖപ്പെടുത്തിയ നേട്ടമാണ്. 2025 സെപ്റ്റംബർ 19 ന് എം ബി ബി എസ് പഠനത്തിനായി ആദ്യ വിദ്യാർത്ഥി പ്രവേശനം നേടി എന്നത് വയനാട് ജില്ലയുടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മറക്കാൻ ആകാത്ത ഒരു നാഴികക്കല്ലാണ്.
നിലവിൽ 50 കുട്ടികൾ നമ്മുടെ മാനന്തവാടി മെഡിക്കൽ കോളേജിൽ പഠിക്കുന്നു എന്നത് സർക്കാരിന്റെ ആരോഗ്യ മേഖലയിലെ വയനാട് ജില്ലയിലെ പ്രവർത്തനങ്ങളുടെ ആകെ തുകയാണ്.
ഈ നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴാണ് വയനാട് മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി തസ്തികകൾ കൂടി അനുവദിച്ചു കൊണ്ട് 15.10.2025 ന് മന്ത്രിസഭാ യോഗം തീരുമാന പ്രകാരമുള്ള സർക്കാർ ഉത്തരവ് ഇറങ്ങുന്നത്.
ന്യൂറോളജി, ന്യൂറോ സർജറി, കാർഡിയോ, കാർഡിയോ തൊറാസിക് സർജറി, നെഫ്രോളജി എന്നീ സൂപ്പർ സ്പെഷ്യാലിറ്റി വകുപ്പുകളാണ് ഇത്തരത്തിൽ തീരുമാനിക്കപ്പെട്ടത്. ഇതിലേക്കായി 15 തസ്തികകളും അനുവദിച്ചു. ഇതിൽ അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റെസിഡന്റ് എന്നീ തസ്തികകൾ ആണ് ഉള്ളത്. നിലവിൽ ഏറ്റവും കൂടുതൽ റെഫർ ചെയ്യപ്പെടുന്ന രോഗികൾ മേൽ വിഭാഗത്തിൽ നിന്ന് ആയതുകൊണ്ട് ആ പ്രശ്നവും പരിഹരിക്കപ്പെടാൻ സാധിക്കും എന്നതാണ് സർക്കാർ കാണുന്നത്. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി എം എൽ എ ഫണ്ടിൽ നിന്ന് മാത്രം പത്തു കോടി രൂപയും ഈ കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് മാനന്തവാടി മെഡിക്കൽ കോളേജിൽ ചെലവഴിക്കുകയുണ്ടായി.
പോസ്റ്റ് ഓഫീസ് ജങ്ഷൻ മുതൽ പഴശ്ശി കുടീരം വരെയും, ആശുപത്രി ഇന്റേണൽ റോഡുകളും ആധുനിക രീതിയിൽ നവീകരിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചു. പ്രവർത്തി ആരംഭിച്ചിട്ടുണ്ട്.





Leave a Reply