കമ്പളക്കാട് കടുവ സാന്നിധ്യം, വനം വകുപ്പ് പരിശോധന തുടരുന്നു : ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
കമ്പളക്കാട്: കമ്പളക്കാട് ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. ഇന്നലെ രാത്രി വണ്ടിയാമ്പറ്റയ്ക്ക് സമീപം ഓട്ടം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഓട്ടോ ഡ്രൈവർ അജ്മലാണ് കടുവയെ നേരിൽ കണ്ടത്. റോഡരികിലെ കാട്ടിനുള്ളിൽ മൃഗത്തിന്റെ തല കണ്ട് വണ്ടി നിർത്തി പരിശോധിച്ചപ്പോഴാണ് അത് കടുവയാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. നിലവിൽ പ്രദേശത്ത് കണ്ടെത്തിയത് മുൻപ് നിരീക്ഷണത്തിലുള്ള കടുവയാണോ എന്ന കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
അടുത്തിടെയായി കമ്പളക്കാട് മേഖലയിൽ കടുവ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായി തുടരുകയാണ്. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് നിരന്തരമായി ഇറങ്ങുന്നത് വലിയ അപകടസാധ്യതയാണ് ഉയർത്തുന്നതെന്നും, മൃഗങ്ങൾ കാട്ടിലും മനുഷ്യർ നാട്ടിലും സുരക്ഷിതരായി കഴിയാനുള്ള സാഹചര്യം അധികൃതർ ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തിൽ വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് നാട്ടുകാരുടെ ഭീതി അകറ്റണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.





Leave a Reply