അക്ഷരം സാന്ത്വനം പദ്ധതിക്കായി ഉദയ ഫുട്ബോൾ മേള; ജനുവരി 16-ന് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും
മാനന്തവാടി: കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇരുപതാമത് ഉദയ ഫുട്ബോൾ ടൂർണ്ണമെന്റ് ജനുവരി 16 മുതൽ ഫെബ്രുവരി 1 വരെ വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ നടക്കും. ‘അക്ഷരം സാന്ത്വനം’ പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ഫണ്ട് സമാഹരണാർത്ഥം നടത്തുന്ന ഈ കായികമേളയുടെ ഉദ്ഘാടനം 16-ന് വൈകുന്നേരം 5 മണിക്ക് പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു നിർവ്വഹിക്കും. മാനന്തവാടി നഗരസഭ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ഉദ്ഘാടന മത്സരത്തിൽ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന എഫ്.സി. തിരുവണ്ണൂർ കാലിക്കറ്റ്, വൈറ്റ് റോസസ് പൊഴുതനയുമായി ഏറ്റുമുട്ടും. മലബാറിലെ പ്രമുഖ ഫുട്ബോൾ ക്ലബുകൾ മാറ്റുരയ്ക്കുന്ന മത്സരങ്ങൾ ടിക്കറ്റോ പാസോ ഇല്ലാതെ പൊതുജനങ്ങൾക്ക് സൗജന്യമായി കാണാവുന്നതാണ്. എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് തുടങ്ങുന്ന മത്സരങ്ങൾക്ക് മുന്നോടിയായി പ്രാദേശിക കലാവിരുന്നുകളും ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ ഷാജി തോമസ്, ലാജി ജോൺ, കമ്മന മോഹനൻ, മുരളി മാസ്റ്റർ, പ്രിൻസ് സി.സി., ബഷീർ ഗൾഫ് കോർണർ, റഷീദ് നീലാംബരി, കുഞ്ഞാപ്പ വിൻസ്പോട്ട്, മഷൂദ് പി.ടി. തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply