പെൺകരുത്തിന്റെ ഓഫ്‌റോഡ് പോരാട്ടം; ഇന്ത്യയിലെ ആദ്യത്തെ വനിതാ ഓഫ്‌റോഡ് ചലഞ്ച് ‘ഹെർ ട്രെയിൽസ്’ വയനാട്ടിൽ
മാനന്തവാടി: സ്ത്രീകളുടെ സാഹസികതയും കരുത്തും അടയാളപ്പെടുത്തിക്കൊണ്ട് ഇന്ത്യയിലെ ആദ്യ വനിതാ ഓഫ്‌റോഡ് ചലഞ്ച് ‘ഹെർ ട്രെയിൽസിന്’ വയനാട് വേദിയാകുന്നു. കേരള ടൂറിസം വകുപ്പ്, വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ, ഉത്തരവാദിത്ത ടൂറിസം മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജനുവരി 17, 18 തീയതികളിലായാണ് ഈ അപൂർവ സംഗമം നടക്കുന്നത്. സുരക്ഷിതവും സുസ്ഥിരവുമായ സ്ത്രീ സൗഹൃദ ടൂറിസം എന്ന ലക്ഷ്യം മുൻനിർത്തി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ജനുവരി 18-ന് മാനന്തവാടി പാരിസൺ ടീ എസ്റ്റേറ്റിൽ നടക്കുന്ന ഓഫ്റോഡ് ചലഞ്ച് മന്ത്രി ഒ.ആർ കേളു ഫ്ലാഗ് ഓഫ് ചെയ്യും. മുപ്പതിലധികം പ്രഗത്ഭ വനിതകൾ പങ്കെടുക്കുന്ന ഈ മത്സരത്തിൽ ആർ.എഫ്.സി ചാമ്പ്യൻ സ്മിത പ്രസാദ്, ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നുമണി, ഹെന്ന ജയാനന്ദ്, നിമിഷ മഞ്ഞൂരാൻ തുടങ്ങിയ പ്രമുഖർ മാറ്റുരയ്ക്കും.
സാഹസികതയ്‌ക്കൊപ്പം വിജ്ഞാനവും അനുഭവങ്ങളും പങ്കുവെക്കുന്നതിനായി ജനുവരി 17-ന് സുൽത്താൻ ബത്തേരി സപ്ത റിസോർട്ടിൽ വനിതാ കോൺക്ലേവും സംഘടിപ്പിക്കുന്നുണ്ട്. പദ്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്യുന്ന കോൺക്ലേവിൽ എവറസ്റ്റ് കീഴടക്കിയ സഫ്രീന ലത്തീഫ്, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ജെയ്നി മരിയ കുര്യാക്കോസ്, ഡോ. മിത്ര സതീഷ്, അദിബ ജഹാൻ, അഞ്ജലി തോമസ്, അമൃത ജയചന്ദ്രൻ തുടങ്ങിയവർ തങ്ങളുടെ യാത്രാനുഭവങ്ങൾ പങ്കുവെക്കും. എം.എൽ.എമാരായ ടി. സിദ്ദീഖ്, ഐ.സി ബാലകൃഷ്ണൻ തുടങ്ങിയവരും ടൂറിസം രംഗത്തെ പ്രമുഖരും ചടങ്ങിൽ സാന്നിധ്യമറിയിക്കും. ഹരിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉത്തരവാദിത്ത ടൂറിസത്തിന്റെ മാതൃകയായി നടത്തുന്ന ഈ സംരംഭം വയനാടിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്നാണ് കരുതപ്പെടുന്നത്.





Leave a Reply