ബഡ്ജറ്റിൽ ജീവനക്കാരെ അവഗണിച്ചു: എൻജിഒ അസോസിയേഷൻ
കൽപ്പറ്റ: നാല് മാസത്തിനകം കാലാവധി തീരുന്ന സർക്കാർ ശമ്പള കമ്മീഷനെ നിയമിച്ച് മൂന്ന് മാസത്തിനകം ശമ്പള പരിഷ്കരണം നടത്തുമെന്ന ബഡ്ജറ്റിലെ പ്രഖ്യാപനം ജീവനക്കാരുടെ കണ്ണിൽ പൊടിയിടാനാണെന്ന് എൻജിഒ അസോസിയേഷൻ. ശമ്പള പരിഷ്കരണത്തിലെ അഞ്ച് വർഷ തത്വം അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സംഘടന ആരോപിച്ചു.
ജീവനക്കാർക്കും അധ്യാപകർക്കും നാളിതുവരെ അനുവദിച്ച ക്ഷാമബത്തയുടെ 187 മാസത്തെ കുടിശിക നൽകിയിട്ടില്ല. മെഡിസെപ്പിൽ സർക്കാർ വിഹിതമായി ഒരു രൂപ പോലും നീക്കിവെച്ചിട്ടില്ലെന്നും കഴിഞ്ഞ ഏഴ് വർഷക്കാലമായി ലീവ് സറണ്ടർ നിഷേധം തുടർന്ന് ജീവനക്കാരെ സർക്കാർ കബളിപ്പിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.
ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് സംസ്ഥാന സെക്രട്ടറി കെ.എ. മുജീബ്, ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി, ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. പ്രസ്തുത വിഷയത്തിൽ ഭരണാനുകൂല സംഘടനകളുടെ ഇരട്ടത്താപ്പ് ജീവനക്കാർ തിരിച്ചറിയുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.





Leave a Reply