19 വയസുകാരന്റെ മരണം കൊലപാതകമെന്ന് കുടുംബം
തോൽപ്പെട്ടി: കർണാടകയിൽ വെച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ട തോൽപ്പെട്ടി സ്വദേശിയായ 19 കാരന്റെ മരണം കൊലപാതകമെന്ന് കുടുംബം.
കക്കേരി കാട്ടുനായ്ക്ക ഉന്നതിയിലെ വിഷ്ണുവാണ് ശനിയാഴ്ച വൈകീട്ട് മരിച്ചത്. കർണാടക അതിർത്തി പ്രദേശമായ കുട്ടയിലെ പെൺസുഹൃത്തിനെ കാണാനായി വീട്ടിൽ നിന്ന് പോയതായിരുന്നു വിഷ്ണു. പിന്നീട് വൈകീട്ടോടെ വിഷ്ണുവിനെ അബോധാവസ്ഥയിൽ പെൺസുഹൃത്തും സഹോദരനും ചേർന്ന് കുട്ടയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പെൺ സുഹൃത്തിൻ്റെ വീട്ടിലെത്തുന്നതിന് മുൻപ് ആരോ വിഷ്ണുവിനെ മർദിച്ചതായാണ് സംശയമുയരുന്നത്.
ബന്ധുക്കളും ജനപ്രതിനിധികളും ചേർന്ന് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തി.
വിഷ്ണുവിന്റെ ശരീരത്തിൽ പരിക്കുകൾ കണ്ടെത്തിയതായാണ് സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മന്ത്രിക്ക് പരാതി നൽകുമെന്നറിയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





Leave a Reply