പൂഴുത്തോട് – പടിഞ്ഞാറത്തറ ബദൽ പാത: ഡി.പി.ആർ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ജനകീയ കർമ്മ സമിതിയുടെ പദയാത്ര ആരംഭിച്ചു
പടിഞ്ഞാറത്തറ: വയനാടിന്റെ യാത്രാദുരിതത്തിന് പരിഹാരമായി നിർദ്ദേശിക്കപ്പെട്ട പൂഴുത്തോട് – പടിഞ്ഞാറത്തറ ബദൽ പാതയുടെ ഡി.പി.ആർ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ കർമ്മ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പദയാത്ര ആരംഭിച്ചു. ലക്കിടിയിൽ നിന്നും അടിവാരത്തേക്കാണ് നൂറുകണക്കിന് പ്രവർത്തകർ അണിനിരക്കുന്ന ഈ സമരയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ആയിരം ദിവസത്തിലധികം നീണ്ടുനിന്ന ജനകീയ സമരങ്ങളുടെ തുടർച്ചയായാണ് രാഷ്ട്രീയഭേദമന്യേ ജനങ്ങൾ ഈ പദയാത്രയിൽ പങ്കുചേരുന്നത്.
പദയാത്രയെ അഭിസംബോധന ചെയ്തുകൊണ്ട് കൽപ്പറ്റ എം.എൽ.എ ടി. സിദ്ദിഖ് സംസാരിച്ചു. 1994 മുതൽ തുടരുന്ന ഈ പോരാട്ടം അതീവ ഗൗരവമേറിയതാണെന്നും പദ്ധതിയുടെ നടപടിക്രമങ്ങൾ ഇഴഞ്ഞുനീങ്ങുന്നതാണ് നിലവിലെ പ്രതിഷേധത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണാനുമതി ലഭ്യമാക്കുന്നതിന് മുന്നോടിയായി നടക്കേണ്ട എൻവയോൺമെന്റ് ഇമ്പാക്ട് സ്റ്റഡി, ഫോറസ്റ്റ് ക്ലിയറൻസ്, ബജറ്റിൽ തുക വകയിരുത്തൽ, ഹെഡ് ഓഫ് അക്കൗണ്ട് ഓപ്പൺ ചെയ്യൽ തുടങ്ങിയ സാങ്കേതിക നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട്ടിൽ ബദൽ റോഡുകളോ, റെയിൽവേയോ, എയർപോർട്ടോ ഇല്ലാത്ത സാഹചര്യം ജനജീവിതത്തെ സാരമായി ബാധിക്കുകയാണെന്നും, വിഷയം ചർച്ച ചെയ്യാൻ ബന്ധപ്പെട്ട മന്ത്രിയുടെ നേതൃത്വത്തിൽ എം.പിമാർ, എം.എൽ.എമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ അടിയന്തര യോഗം വിളിച്ചുചേർക്കണമെന്നും ടി. സിദ്ദിഖ് കൂട്ടിചേർത്തു.





Leave a Reply