സ്ഥിരതയാർന്ന കാപ്പി ചെടികളാണ് നമ്മുടെ തോട്ടങ്ങളിൽ നല്ലത് – എം.വി. ശ്രേയാംസ്കുമാർ
കല്പറ്റ: ഇപ്പോൾ സ്പെഷ്യാലിറ്റി കോഫിയുടെ കാലമാണെന്നും നമ്മുടെ തോട്ടങ്ങളിൽ സ്ഥിരതയാർന്ന കാപ്പി ചെടികളാണ് നല്ലതെന്നും ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ പറഞ്ഞു. കിസാൻ ജനത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാപ്പി കർഷക സംഗമവും ഇന്ത്യൻ കോഫീ ബോർഡിന്റെ സമഗ്രസംഭാവന പുരസ്കാരം നേടിയ അഡ്വ. ജോർജ് പോത്തന് അനുമോദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോൾ കാപ്പിക്കൃഷി രീതിയിൽ മാറ്റം വന്നു. കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവും കൃഷിയെ ബാധിക്കുകയും ചെയ്തു. മുൻപ് കാലാവസ്ഥ കൃത്യമായിരുന്നു. മഴ ലഭിക്കേണ്ട സമയത്ത് മഴ ലഭിച്ചിരുന്നു. ഇപ്പോൾ അതുമാറി. ഇത്തവണ ഡിസംബറിലും ജനുവരിയിലും മഴ പെയ്തു. ഇനി മഴപെയ്തില്ലെങ്കില് ഇത് അടുത്ത സീസണിലെ വിളവിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. ജോർജ് പോത്തനുമായി വർഷങ്ങളായുള്ള ബന്ധമാണ്. അച്ഛൻ എം.പി. വീരേന്ദ്രകുമാറിനോടുള്ള സ്നേഹവും ബന്ധവും മക്കളായ ഞങ്ങളോടും അഡ്വ. ജോർജ് പോത്തൻ തുടർന്നു. അദ്ദേഹത്തിന്റെ പുരസ്കാര നേട്ടത്തിൽ അഭിമാനമുണ്ടെന്നും പുരസ്കാരം ഞങ്ങളുടെ കുടുംബത്തിനു കൂടി കിട്ടിയതായി കണക്കാക്കുന്നുവെന്നും എം.വി. ശ്രേയാംസ്കുമാർ പറഞ്ഞു.
അഡ്വ. ജോർജ് പോത്തന്, എം.വി. ശ്രേയാംസ്കുമാർ ഉപഹാരം സമ്മാനിക്കുകയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. ചേലോട് എസ്റ്റേറ്റ് മാനേജർ ഫാ. ഫ്രാൻസിസും പൊന്നാടയണിയിച്ചു. ആർ.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹംസ അധ്യക്ഷത വഹിച്ചു. ഞായറാഴ്ച വൈകീട്ട് നാലിന് കല്പറ്റ കാർഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ആർ.ജെ.ഡി. സംസ്ഥാനകമ്മിറ്റിയംഗം പി.കെ. അനിൽകുമാർ അനുമോദന പത്രിക സമർപ്പിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി കെ. റഫീഖ്, സഹകരണ വികസനബോർഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ, സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് ഡി. രാജൻ, കേരളാ ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ, കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ജെ. ദേവസ്യ, ബി.ജെ.പി. സംസ്ഥാന സമിതി അംഗം കെ. സദാനന്ദൻ, പൗൾട്രീ ഡെവലെപ്പ്മെന്റ് ബോർഡ് ചെയർമാൻ പി.കെ. മൂർത്തി, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. റഷീദ്, അഡ്വ. പി. ചാത്തുകുട്ടി, കോഫി ബോർഡംഗം സുരേഷ് അരിമുണ്ട, എൻ.സി.പി. ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ, കോഫി ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോർജ് ഡാനിയേൽ, വി.വി. ജിനേന്ദ്രപ്രസാദ്, കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ഒ. ദേവസി. ഫാ. എൽദോ. തുടങ്ങിയവർ സംസാരിച്ചു. മുൻകാലങ്ങളിൽ എം.പി. വീരേന്ദ്രകുാറിന്റെ നേതൃത്വത്തിൽ നടത്തിയ കാപ്പിക്കർഷകരുടെ അവകാശ പോരാട്ടങ്ങളെ കുറിച്ച് സംഗമത്തിനെത്തിയവർ അനുസ്മരിച്ചു. സമരങ്ങളിൽ അണിനിരന്നവർ ഓർമ്മകളും പങ്കുവെച്ചു.





Leave a Reply