ആദിവാസി സ്വയംനിർണ്ണയാവകാശവും ഉപജീവനവും: ദേശീയ സെമിനാർ സംഘടിപ്പിച്ചു
ബത്തേരി: “ആദിവാസി സ്വയം നിർണ്ണയ ആശയങ്ങൾ: പരസ്പരബന്ധവും ഉപജീവനത്തിലെ സ്വയം പര്യാപ്തതയും” എന്ന വിഷയത്തിൽ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ ത്രിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. ഫെബ്രുവരി 11 മുതൽ 13 വരെ നടന്ന സെമിനാർ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചാമരാജനഗർ ജില്ലാ മജിസ്ട്രേറ്റും ഡെപ്യൂട്ടി കമ്മീഷണറുമായ ശ്രീരൂപ ഐ എ എസ് പ്രബന്ധ സാരാംശ സമാഹാരം (ബുക്ക് ഓഫ് അബ്സ്ട്രാക്ട് സ് ) പ്രകാശനം ചെയ്തു. കോളേജ് മാനേജറും ഓർത്തഡോക്സ് സഭ സുൽത്താൻ ബത്തേരി ഭദ്രാസനാധിപനുമായ ഡോ. ഗീവർഗീസ് മാർ ബർന്നബാസ് ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. ഗോത്ര പഠന മേഖലയിലെ പ്രമുഖ പണ്ഡിതനായ പ്രൊഫ. വിർജീനിയസ് ഖാക്ക മുഖ്യപ്രഭാഷണം നിർവഹിച്ചു. നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യൽ ഇൻക്ലൂഷൻ ഡയറക്ടർ ഡോ. സോണി പെല്ലിശ്ശേരി വിഷയാവതരണം നടത്തി. കോളേജ് റസിഡന്റ് മാനേജർ ഫാ. ബേബി ജോൺ, സുൽത്താൻ ബത്തേരി നഗരസഭാധ്യക്ഷ റസീനാ അബ്ദുൽ ഖാദർ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.
ഒഡീഷയിലെ നിയംഗിരി ഖനന വിരുദ്ധ സമരത്തിൽ ഡോംഗ്രിയ കോന്ധ് ഗോത്രത്തെ പ്രതിനിധീകരിച്ച പ്രശസ്ത പരിസ്ഥിതി പ്രവർത്തക ഡോ. ബ്രറ്റിൻഡി ജന, മ്യൂസിയം പ്ലാനറും ഫ്യൂച്ചറിസ്റ്റുമായ ഡോ. ജോർജ് ജേക്കബ് തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രഭാഷണങ്ങൾ നടത്തി. സെമിനാറിനോടനുബന്ധിച്ച് കാലിക്കറ്റ് സർവ്വകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്റർ വിദ്യാർഥികൾ നേതൃത്വം നൽകിയ ഗോത്ര കലാരൂപങ്ങളും നൂൽപ്പുഴയിലെ തോഡ ട്രൈബൽ ഹെറിറ്റേജ് മ്യൂസിയം സന്ദർശനവും സംഘടിപ്പിച്ചു. ആദിവാസി സ്വയം നിർണ്ണയം, മനുഷ്യ-വന്യജീവി സംഘർഷം, സ്വദേശിക അറിവ് സംവിധാനങ്ങളും ആധുനിക ശാസ്ത്രവും തമ്മിലുള്ള ബന്ധം, ഉപജീവനമാർഗങ്ങളിലെ സ്വയം പര്യാപ്തത എന്നീ വിഷയങ്ങളിൽ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമൂഹിക പ്രവർത്തകരും അക്കാദമികരും പങ്കെടുത്ത പാനൽ ചർച്ചകളും ഇതിന്റെ ഭാഗമായി നടന്നു.
സെന്റ് മേരീസ് കോളേജിലെ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി വകുപ്പുകളും ബാംഗ്ലൂർ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യൽ ഇൻക്ലൂഷനും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. നൂറോളം പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. ജിഷ പി. മത്തായി, ഡോ. അനീറ്റ എലിസബത്ത് മാത്യു എന്നിവർ സെമിനാർ കൺവീനർമാരായി പ്രവർത്തിച്ചു.





Leave a Reply