അത്യാധുനിക 4K 3D ലാപ്രോസ്‌കോപ്പി യന്ത്രവും മെഡിക്കല്‍ കോളേജില്‍ എത്തി
മാനന്തവാടി:പുതിയ സിടി യന്ത്രത്തിനും എക്‌സറേ യൂണിറ്റിനും പുറമേ അത്യാധുനിക 4കെ3ഡി ലാപ്രോസ്‌കോപ്പി യന്ത്രം ഗവ.മെഡിക്കല്‍ കോളേജില്‍ എത്തി. ഇതോടെ ശസ്ത്രക്രിയകള്‍ ഇനി കൂടുതല്‍ കൃത്യതയോടെയും സുരക്ഷിതമായും ചെയ്യാന്‍ കഴിയും.
നിലവിലുണ്ടായിരുന്ന ലാപ്രോസ്‌കോപ്പിക് ഉപകരണങ്ങള്‍ക്ക് പുറമെ ഏറ്റവും പുതിയ മെഷീന്‍ കൂടി ലഭ്യമായതോടെ ശസ്ത്രക്രിയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് മെഡിക്കല്‍ കോളേജില്‍ തുടക്കമാവുക. സാധാരണ ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയകളില്‍ ഡോക്ടര്‍മാര്‍ക്ക് ടിവി സ്‌ക്രീനില്‍ 2ഡി ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ 3ഡി സാങ്കേതികവിദ്യയിലൂടെ ശസ്ത്രക്രിയ നടത്തുന്ന ഭാഗം നേരിട്ട് കാണുന്നതുപോലെയുള്ള കൃത്യത ലഭിക്കും. 4ഡി റെസല്യൂഷന്‍ ദൃശ്യങ്ങള്‍ കൂടി ചേരുന്നതോടെ ശരീരത്തിനുള്ളിലെ അതിസൂക്ഷ്മമായ രക്തക്കുഴലുകളും നാഡീവ്യൂഹങ്ങളും വ്യക്തമായി കാണാന്‍ സര്‍ജന് സാധിക്കും. പുതിയ മെഷീന്‍ കൂടി എത്തിയതോടെ കൂടുതല്‍ രോഗികള്‍ക്ക് ഒരേസമയം മികച്ച ചികിത്സ നല്‍കാന്‍ ആശുപത്രിക്ക് സാധിക്കും. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ കൃത്യതയോടെ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കാം എന്നത് രോഗികള്‍ക്ക് വലിയ ആശ്വാസമാണ്. നവകേരള സദസ്സിലെ തുകയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ലാപ്രോസ്‌കോപ്പി യന്ത്രവും എത്തിച്ചത്. യന്ത്രം ഉപയോഗിച്ചുള്ള ശസ്ത്രക്രിയയും ആരംഭിച്ചിട്ടുണ്ട്.





Leave a Reply