എ കെ സി സി മാനന്തവാടി മേഖലാ നേതൃസംഗമം സംഘടിപ്പിച്ചു
മാനന്തവാടി: എ കെ സി സി മാനന്തവാടി മേഖലാ സമിതിയുടെ നേതൃത്വത്തിൽ കണിയാരം സെന്റ് ജോസഫ് കത്തീഡ്രലിൽ വച്ച് നേതൃസംഗമം സംഘടിപ്പിച്ചു. രാജ്യത്തിനും സമൂഹത്തിനും സീറോ മലബാർ സമുദായം നൽകിയ സംഭാവനകളെ ഇളം തലമുറയിലേക്ക് കൈമാറുക എന്ന മഹത്തായ ലക്ഷ്യമാണ് നമുക്കുള്ളതെന്നും പൂർവ്വ പിതാക്കൾ പകർന്നു നൽകിയ സമുദായ ബോധവും സാമൂഹ്യബോധവും നഷ്ടപ്പെടരുതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മാനന്തവാടി രൂപത വികാരി ജനറാൾ മോൺ ഫാദർ പോൾ മുണ്ടോളിക്കൽ ഓർമ്മപ്പെടുത്തി. മാനന്തവാടി ഫൊറോന പ്രസിഡണ്ട് റോബി താണികുന്നേൽ ചടങ്ങിൽ അധ്യക്ഷം വഹിച്ചു. യോഗത്തിൽ “എൻ്റെ സമുദായം എൻ്റെ അഭിമാനം” എന്ന വിഷയത്തിൽ എ കെ സി സി രൂപത ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരക്കൽ ക്ലാസ്സെടുത്തു. ഫൊറോനയിൽനിന്നുള്ള തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളെ രൂപത ഡയറക്ടർ ഫാദർ ജോബി മുക്കാട്ടുകാവുങ്കൽ പൊന്നാട അണിയിച്ച് ആദരിച്ചു. പള്ളികളോടൊപ്പം പള്ളിക്കൂടവും ഉച്ചഭക്ഷണവും സംസ്കൃത പഠനവും തുടങ്ങിയ മഹത്തായ ആശയങ്ങൾ ലോകത്തിന് പകർന്നു നൽകിയ വിശുദ്ധ ചവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ്റെ പിൻഗാമികളാണ് നാമെന്ന കാര്യം മറന്നു പോകരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കണിയാരം കത്തീഡ്രൽ വികാരി വെരി റവ. ഫാദർ സോണി വാഴകാട്ട്, എ കെ സി സി മാനന്തവാടി മേഖല ഡയറക്ടർ റവ. ഫാദർ തോമസ് പ്ലാശനാൽ, ഗ്ലോബൽ സമിതി അംഗം ഗ്ലാഡിസ് ചെറിയാൻ, രൂപത വൈസ് പ്രസിഡൻ്റ് റെനിൽ കഴുതാടിയിൽ, ഫൊറോന സെക്രട്ടറി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം എൽസി ജോയ്, കത്തീഡ്രൽ യൂണിറ്റ് പ്രസിഡണ്ട് സുജിത്ത് തോപ്പിൽ എന്നിവർ സംസാരിച്ചു. ഫൊറോനയിലെ വിവിധ ഇടവകകളിൽനിന്നായി 130 പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.





Leave a Reply