May 7, 2026

കാരുണ്യ റീഫണ്ട് വൈകുന്നു: എസ്ഡിപിഐ നിവേദനം നൽകി

0
IMG_20260221_141840
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ എ എസ് പി) പ്രകാരമുള്ള റീഫണ്ട് വിതരണം മാസങ്ങളായി വൈകുന്നതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിക്കും സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർക്കും നിവേദനം നൽകി.

സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികൾക്ക് അവിടെ ലഭ്യമല്ലാത്ത മരുന്നുകളും പരിശോധനകളും പുറത്തുനിന്ന് നടത്തേണ്ടിവരുന്ന സാഹചര്യത്തിൽ, ബില്ലുകൾ നിയമാനുസൃതമായി സമർപ്പിച്ചിട്ടും റീഫണ്ട് തുക ലഭിക്കാൻ ദീർഘകാല താമസം നേരിടുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏപ്രിൽ മാസം വരെ ഉള്ള അപേക്ഷകൾക്കാണ് ഫണ്ട് അനുവദിച്ചതെന്നും, തുടർന്ന് ഫണ്ട് ലഭിക്കാത്തതിനാൽ നിരവധി അപേക്ഷകൾ കുടിശ്ശികയായി തുടരുകയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചതായി കമ്മിറ്റി വ്യക്തമാക്കി.

കടം വാങ്ങിയും മറ്റ് വഴികളിലൂടെ പണം കണ്ടെത്തിയും ചികിത്സ തുടരുന്ന സാധാരണക്കാരായ രോഗികൾക്ക് ഈ കാലതാമസം വലിയ സാമ്പത്തിക പ്രതിസന്ധിയാണുണ്ടാക്കുന്നതെന്നും, ഫണ്ട് ക്ഷാമം ചൂണ്ടിക്കാട്ടി അപേക്ഷകൾ നീട്ടിക്കൊണ്ടുപോകുന്നത് പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യത്തെ തന്നെ ബാധിക്കുന്നതാണെന്നും നിവേദനത്തിൽ വ്യക്തമാക്കി.

അർഹരായ രോഗികളുടെ കുടിശ്ശിക റീഫണ്ട് അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കാൻ പ്രത്യേക ഇടപെടൽ നടത്തണമെന്നും, ഭാവിയിൽ ഇത്തരം കാലതാമസം ഒഴിവാക്കാൻ ആവശ്യമായ ധനവിനിയോഗവും കാര്യക്ഷമമായ നിരീക്ഷണ സംവിധാനവും ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *