ജവാന് പിന്നാലെ സർക്കാർ ബ്രാൻഡായ ‘മിന്നൽ മാജിക്’ എത്തുന്നു
ചിറ്റൂർ: ജവാൻ റമ്മിന് പിന്നാലെ സംസ്ഥാന സർക്കാർ നേരിട്ട് വിപണിയിലിറക്കുന്ന പുതിയ മദ്യത്തിന് ‘മിന്നൽ മാജിക്’ എന്നാണ് നിലവിൽ അംഗീകരിച്ചിരിക്കുന്ന പേര്.
ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസിലെ വിദേശമദ്യ പ്ലാന്റിന്റെ ഉദ്ഘാടന വേദിയിലാണ് പുതിയ ബ്രാൻഡിന്റെ പേര് ഔദ്യോഗികമായി അറിയിച്ചത്. പുതിയ ബ്രാൻഡിന് പേര് നിർദേശിക്കാൻ ബവ്‌കോ അവസരം നൽകിയപ്പോൾ ലഭിച്ച നാൽപ്പതിനായിരത്തോളം പേരുകളിൽ നിന്ന് ‘മലബാർ മിസ്റ്റ്’ എന്ന പേരാണ് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം വകുപ്പ് തന്നെ നേരിട്ട് ‘മിന്നൽ മാജിക്’ എന്ന പേര് നിശ്ചയിക്കുകയായിരുന്നു.
75,000 ചതുരശ്ര അടി വിസ്തീർണമുള്ള പ്ലാന്റിൽ മൂന്ന് സ്വയം നിയന്ത്രിത ബോട്ടിലിങ് ലൈനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇവ പൂർണ്ണസജ്ജമാകുന്നതോടെ പ്രതിദിനം 13,500 കെയ്‌സ് (1,08,000 ലിറ്റർ) മദ്യം ഉൽപാദിപ്പിക്കാൻ സാധിക്കും. അര ലിറ്റർ ബോട്ടിലിന് 400 രൂപ എന്ന നിരക്കിലായിരിക്കും ഇത് വിപണിയിലെത്തുക. ജവാൻ റമ്മിന്റെ വിലയുമായി വലിയ വ്യത്യാസമില്ലാതെയാണ് പുതിയ ബ്രാൻഡിന്റെയും നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ്, ബവ്‌കോ സംഭരണകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചാണ് മദ്യോൽപാദനം നടത്തുന്നത്. ഉൽപാദനത്തിന് ആവശ്യമായ പ്രതിദിനം ഒരു ലക്ഷത്തിലധികം ലിറ്റർ വെള്ളം നിലവിൽ മലമ്പുഴ ഡാമിൽ നിന്ന് നേരിട്ട് എത്തിക്കാനാണ് തീരുമാനം. പ്ലാന്റിലെ മഴവെള്ള സംഭരണിയുടെ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ജലലഭ്യത അവിടെ നിന്ന് ഉറപ്പാക്കും. പ്രൊസസിങ് നടപടികൾ പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ ‘മിന്നൽ മാജിക്’ വിപണിയിലിറങ്ങുമെന്നും അധികൃതർ അറിയിച്ചു.





Leave a Reply