ആത്മഹത്യയ്ക്ക് തുനിഞ്ഞ യുവാവിനെ മരണമുഖത്തുനിന്നും ജീവിതത്തിലേക്ക് തിരികെ എത്തിച്ച് പോലീസ്
മാനന്തവാടി: ആത്മഹത്യാ കുറിപ്പ് തയ്യാറാക്കി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച നിലമ്പൂർ വഴിക്കടവ് സ്വദേശിയായ യുവാവിനെ മാനന്തവാടി, കമ്പളക്കാട് പോലീസ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. കുടുംബപ്രശ്നങ്ങളെത്തുടർന്ന് മരിക്കാൻ പോകുകയാണെന്ന വിവരം യുവാവ് തന്റെ മകന്റെ അധ്യാപികയെ അറിയിച്ചതാണ് രക്ഷാപ്രവർത്തനത്തിൽ നിർണ്ണായകമായത്.
അധ്യാപിക ഉടൻ തന്നെ കമ്പളക്കാട് സി.ഐ എം.എ. സന്തോഷിനെ വിവരമറിയിക്കുകയും അദ്ദേഹം നടത്തിയ പ്രാഥമിക പരിശോധനയിൽ ഫോൺ ലൊക്കേഷൻ മാനന്തവാടിയിലാണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് വിവരമറിഞ്ഞ മാനന്തവാടി എസ്.ഐ വിനോദ് ജോസഫ്, എ.എസ്.ഐ റോബർട്ട്, എസ്.സി.പി.ഒ സുനീഷ് എന്നിവർ ഉടൻ തന്നെ സ്ഥലത്തേക്ക് തിരിച്ചു.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ താഴെയങ്ങാടി കെ.എസ്.ആർ.ടി.സി ഗാരേജിന് സമീപത്തെ ലോറി സ്റ്റാൻഡിൽ ഇയാൾ ഉണ്ടെന്ന് പോലീസ് സംഘം കണ്ടെത്തി. പോലീസ് അവിടെ എത്തുമ്പോൾ, ആത്മഹത്യാ കുറിപ്പ് പോക്കറ്റിൽ വെച്ച് ബ്ലേഡ് കൊണ്ട് കൈഞരമ്പ് മുറിക്കാൻ തയ്യാറെടുക്കുകയായിരുന്നു യുവാവ്. പോലീസുകാർ സ്നേഹപൂർവ്വം ഇയാളെ അനുനയിപ്പിച്ച് സുരക്ഷിതനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഭാര്യയുമായുള്ള പിണക്കത്തെത്തുടർന്ന് മൂന്ന് ദിവസം മുൻപാണ് ഇയാൾ വീട്ടിൽ നിന്നിറങ്ങിയത്. പോലീസ് വിവരമറിയിച്ചതിനെത്തുടർന്ന് ഭാര്യയും ബന്ധുക്കളും സ്റ്റേഷനിലെത്തി യുവാവിനെ കൂട്ടി മടങ്ങി. എസ്.ഐ പവനൻ, എസ്.ഐ വിനോദ് ജോസഫ്, എ.എസ്.ഐ റോബർട്ട്, എസ്.സി.പി.ഒ മാരായ യതീന്ദ്രൻ, സുനീഷ്, ഡ്രൈവർ ടൈറ്റസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.





Leave a Reply