സെയ്‌ന്റ് ജോസഫ്‌സ് ആശുപത്രിക്ക് കബനിവാലി റോട്ടറി ക്ലബ്ബിന്റെ ഒൻപത് ഡയാലിസിസ് മെഷീനുകൾ; മന്ത്രി ടി. സിദ്ദിഖ് നാളെ സമർപ്പിക്കും
മാനന്തവാടി: മാനന്തവാടി സെയ്‌ന്റ് ജോസഫ്‌സ് മിഷൻ ആശുപത്രിക്ക് കബനിവാലി റോട്ടറി ക്ലബ്ബ് ഒൻപത് ഡയാലിസിസ് മെഷീനുകൾ നൽകുന്നു. മാനന്തവാടിയിൽ വൃക്കരോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മെഷീനുകൾ നൽകുന്നത്. കോയമ്പത്തൂർ ആലം റോട്ടറി ക്ലബ്ബിന്റെ സഹായതത്തോടെ നാലു മെഷീനുകളും മാനന്തവാടി കബനിവാലി റോട്ടറി ക്ലബ്ബിന്റെ ഗ്ലോബൽ ഗ്രാൻഡ് പ്രൊജക്ട് മുഖേന അഞ്ചു മെഷീനുകളുമാണ് ലഭ്യമാക്കുന്നത്. മൈസൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റിഷി എഫ്.ഐ.ബി.സി. കമ്പനിയുടേയും ബ്രസീലിലെ റോട്ടറി ക്ലബ്ബായ കാസിയാസ് ഡു സുലുവിന്റേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബി.പി.എൽ. വിഭാഗത്തിനു സൗജന്യമായും എ.പി.എൽ. വിഭാഗത്തിനു സർക്കാർ ആശുപത്രിയിൽനിന്നു ഈടാക്കുന്ന തുകയ്ക്കും ഡയാലിസിസ് സേവനം നൽകാൻ ആശുപത്രിയുമായി ഉടമ്പടിയുണ്ടാക്കിയിട്ടുണ്ട്.
ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനവും മെഷീൻ കൈമാറ്റവും നാളെ (ശനിയാഴ്ച) വൈകീട്ട് 5.30-ന് സെയ്‌ന്റ് ജോസഫ്‍സ് ആശുപത്രിയിൽ മന്ത്രി ടി. സിദ്ദിഖ് നിർവഹിക്കും. ചടങ്ങിൽ ഉഷാ വിജയൻ എം.എൽ.എ, മാനന്തവാടി നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ ഉൾപ്പെടേയുള്ള ജനപ്രതിനിധികളും മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ബിജോഷ് മാനുവൽ, റിഷി എഫ്.ഐ.ബി.സി. സി.ഇ.ഒ. ജോസഫ് ഫ്രാൻസിസ് വടക്കേടത്ത് തുടങ്ങിയവരും പങ്കെടുക്കും. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഷാജി എബ്രഹാം, സെക്രട്ടറി കെ.പി. റിൻസ്, സെയ്‌ന്റ് ജോസഫ്‌സ് ആശുപത്രി ഡയറക്ടർ ഫാ. മനോജ് കവലക്കാടൻ, ജോൺസൺ ജോൺ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.





Leave a Reply