വള്ളിയൂർക്കാവ് ഉത്സവം: ഭക്തജനങ്ങളെ കൊള്ളയടിക്കാൻ അനുവദിക്കില്ല -യുവമോർച്ച
മാനന്തവാടി: വള്ളിയൂർക്കാവ് ഉത്സവത്തിന്റെ പേരിൽ ഭക്തജനങ്ങളെ കൊള്ളയടിക്കാൻ അനുവദിക്കില്ലെന്ന് യുവമോർച്ച വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് വീതംവെപ്പ് നടത്തി ഉത്സവാഘോഷ കമ്മിറ്റി രൂപീകരിക്കുന്നതിന് പകരം നേരിട്ട് ഉത്സവം നടത്താനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തെ യുവമോർച്ച സ്വാഗതം ചെയ്തു. എന്നാൽ ഭരണകക്ഷിയുടെ താൽപ്പര്യത്തിന് വഴങ്ങി ഉത്സവാഘോഷത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായാൽ ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. ഉത്സവാഘോഷ നടത്തിപ്പിനായി ദിവസവേതന അടിസ്ഥാനത്തിൽ വോളണ്ടിയർമാരെ നിയമിക്കാനുള്ള ദേവസ്വം ബോർഡ് നീക്കം പ്രതിഷേധാർഹമാണെന്നും, സേവനത്തിനായി എത്ര വോളണ്ടിയർമാരെ വേണമെങ്കിലും സൗജന്യമായി നൽകാൻ യുവമോർച്ച തയ്യാറാണെന്നും നേതാക്കൾ അറിയിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് എക്സിബിഷൻ സ്റ്റാളുകളിലേക്കും വിനോദ പരിപാടികൾക്കുമുള്ള ടിക്കറ്റ് നിരക്കിൽ വർദ്ധനവ് വരുത്തിയാൽ ശക്തമായ പ്രതിരോധം തീർക്കുമെന്നും യുവമോർച്ച അറിയിച്ചു. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യുവമോർച്ച നേതാക്കൾ വള്ളിയൂർക്കാവ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ജിതേഷുമായി ചർച്ച നടത്തി. ചർച്ചയിൽ യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സി. അഖിൽ പ്രേമം, ജില്ലാ സെക്രട്ടറി അരുൺ രമേശ്, മണ്ഡലം പ്രസിഡന്റ് രൂപേഷ് പിലാക്കാവ്, ജനറൽ സെക്രട്ടറി രാഖിൽ പി. ജി, മണ്ഡലം ഭാരവാഹികളായ സംഗീത് പി.എസ്, സഹിഷ്‌ണു തിരുനെല്ലി തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply