വയനാട് പുനരധിവാസം: കോൺഗ്രസ് ഭവന പദ്ധതിക്ക് തറക്കല്ലിട്ടു
കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിച്ചു നൽകുന്ന ഭവന പദ്ധതിക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് എംപി പ്രിയങ്ക ഗാന്ധിയും ചേർന്ന് തറക്കല്ലിട്ടു. ആറ് മാസത്തിനുള്ളിൽ 100 വീടുകൾ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടത്തിൽ മേപ്പാടി കുന്നമ്പറ്റയിൽ എട്ട് സെന്റ് ഭൂമിയിൽ 1041 ചതുരശ്ര അടി വിസ്തീർണമുള്ള 50 വീടുകളാണ് നിർമിക്കുന്നത്. ഭാവിയിൽ ഒരു നില കൂടി പണിയാൻ കഴിയുന്ന വിധത്തിലാണ് ഇതിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ചടങ്ങിൽ ഉരുൾപ്പൊട്ടൽ നാശനഷ്ടങ്ങൾ സംഭവിച്ച 40 പേർക്ക് അഞ്ച് ലക്ഷം രൂപ വീതമുള്ള ധനസഹായവും കൈമാറി.
ദുരന്തത്തെ അസാമാന്യ ധീരതയോടെയും ഒത്തൊരുമയോടെയും നേരിട്ട വയനാട്ടിലെ ജനങ്ങൾക്കൊപ്പം എക്കാലവും തങ്ങളുണ്ടാകുമെന്ന് രാഹുൽ ഗാന്ധി ചടങ്ങിൽ പറഞ്ഞു. ദുരന്തമുഖത്തെ ജനങ്ങളുടെ കൂട്ടായ്മയ്ക്ക് താൻ സാക്ഷിയാണെന്ന് പറഞ്ഞ അദ്ദേഹം, ഭവന പദ്ധതി ഇതിനകം പൂർത്തിയാക്കിയ മുസ്ലിം ലീഗിനെ അഭിനന്ദിക്കുകയും ചെയ്തു. ദുരന്തത്തിന്റെ കാഴ്ചകൾ മറക്കാനാവാത്തതാണെന്നും രാഷ്ട്രീയത്തിന് അതീതമായി ദുരിതബാധിതർക്കായി ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. അനുമതികൾ ലഭിക്കാൻ വൈകിയത് വീട് നിർമാണം തുടങ്ങാൻ തടസ്സമായതിൽ അവർ വിഷമം രേഖപ്പെടുത്തി. മുൻപ് രാഹുൽ ഗാന്ധിയായിരുന്നു എംപിയെങ്കിൽ ഇന്ന് താൻ വയനാടിന്റെ എംപിയാണെന്നും ഇവിടുത്തെ ഓരോ കുടുംബത്തിലെയും അംഗത്തെപ്പോലെ ദുരിതബാധിതരുടെ വിഷമങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.





Leave a Reply