മാനന്തവാടിയുടെ വികസന മുരടിപ്പ്: മന്ത്രി ഒ.ആർ. കേളുവിന്റെ ഓഫീസിലേക്ക് ബി.ജെ.പി മാർച്ച് നടത്തി
മാനന്തവാടി: മണ്ഡലത്തിലെ വികസന മുരടിപ്പിൽ പ്രതിഷേധിച്ചും എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളുവിന്റെ ഓഫീസിലേക്ക് ബി.ജെ.പി മാർച്ച് നടത്തി. ബി.ജെ.പി സംസ്ഥാന വക്താവ് ടി.പി. ജയചന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു. വയനാട് ഉൾപ്പെടെയുള്ള മലയോര മേഖലകളുടെ വികസനം സർക്കാർ പൂർണ്ണമായും അവഗണിക്കുകയാണെന്നും ആരോഗ്യ മേഖലയിലെ തകർച്ച കാരണം മണിക്കൂറുകൾ യാത്ര ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജില്ലയിലെ ജനങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഖജനാവ് കൊള്ളയടിക്കുന്ന ഭരണാധികാരികൾ ജനങ്ങളുടെ മൗലികാവകാശങ്ങൾ നിഷേധിക്കുകയാണെന്ന് ടി.പി. ജയചന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ തകർന്നു വീഴുന്ന അവസ്ഥയിലാണെന്നും പാരസെറ്റമോൾ, സിറിഞ്ച്, സൂചി തുടങ്ങിയ പ്രാഥമിക മരുന്നുകൾ പോലും ലഭ്യമല്ലാത്തതിനാൽ സാധാരണക്കാർ ദുരിതത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് കുട്ടികൾ മരിക്കുന്നതും ഉച്ചക്കഞ്ഞി കഴിച്ച് വിദ്യാർത്ഥികൾ ആശുപത്രിയിലാകുന്നതും കേരളത്തിന് നാണക്കേടാണ്. സർക്കാർ സംവിധാനങ്ങളിൽ വിശ്വാസമില്ലാത്തതിനാലാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ബി.ജെ.പി ജില്ലാ ഉപാധ്യക്ഷൻ കെ. മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ അധ്യക്ഷൻ പ്രശാന്ത് മലവയൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റുമാരായ സുമ രാമൻ, എം.കെ. ശശിമോൻ, ജില്ലാ ജനറൽ സെക്രട്ടറി വിൽഫ്രഡ് ജോസ്, നേതാക്കളായ പുനത്തിൽ രാജൻ, കണ്ണൻ കണിയാരം, ജി.കെ. മാധവൻ, എം.കെ. ജോർജ്, നിതീഷ് ലോകനാഥ്, ദിലീപ് കുമാർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി സംസാരിച്ചു.





Leave a Reply