September 23, 2026

മുസ്ലിംലീഗ് മുണ്ടക്കൈ-ചൂരൽമല പുനരധിവാസം;  51 സ്‌നേഹഭവനങ്ങളുടെ സമർപ്പണം നാളെ 

0
img_20260227_204044
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപറ്റ: മുസ്‌ലിംലീഗ് മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന്റെ ഭാഗമായ 105 വീടുകളിൽ 51 വീടുകളുടെ സമർപ്പണം തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രൊജക്ട് സൈറ്റിൽ നാളെ വൈകുന്നേരം 4 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. ദേശീയ, സംസ്ഥാന നേതാക്കളും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും.

 

മുട്ടിൽ-മേപ്പാടി സംസ്ഥാന പാതയോട് ചേർന്നാണ് പ്രൊജക്ട് സൈറ്റ്. 8 സെന്റിൽ 1060 സ്‌ക്വയർഫീറ്റിൽ മൂന്ന് ബെഡ്‌റൂമുകളും രണ്ട് ബാത്ത്‌റൂമുകളും അടുക്കള, ഡൈനിങ് ഹാൾ, വർക്ക് ഏരിയ, സിറ്റൗട്ട്, ബ്രിക് പാകിയ മുറ്റം, മുൻവശത്ത് ഏഴ് മീറ്റർ വീതിയിൽ ടൈൽ പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുമായാണ് വീടുകൾ കൈമാറുന്നത്. വീടുകളിലേക്ക് ആവശ്യമായ ശുദ്ധജലത്തിന് കിണർ കുഴിച്ച് കൂറ്റൻ ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. വീടുകൾക്കൊപ്പം ഫർണിച്ചറുകളും മുസ്ലിംലീഗ് നൽകുന്നുണ്ട്. ഓരോ വീട്ടുടമക്കും ആവശ്യമെങ്കിൽ മുകളിലേക്ക് വീട് ഉയർത്താൻ ആവശ്യമായ തറബലത്തോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്. സർക്കാർ നൽകുന്ന വീട് വേണ്ടെന്നുവെച്ച് മുസ്ലിംലീഗിന് അപേക്ഷ നൽകിയ സർക്കാർ ലിസ്റ്റിലുള്ളവരെയാണ് ഗുണഭോക്താക്കളായി പരിഗണിച്ചത്.

 

കമ്യൂണിറ്റി ഹാൾ, പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും മുസ്ലിംലീഗിന്റെ ഭവന സമുച്ചയത്തിൽ ഉണ്ടാകും. അംഗൻവാടിക്കും മറ്റും ആവശ്യമായ സ്ഥലസൗകര്യവുമുണ്ട്. ശിവക്ഷേത്രവും ക്രിസ്ത്യൻ ചർച്ചും മസ്ജിദുകളും സാംസ്‌കാരിക കേന്ദ്രങ്ങളും സമീപത്തുണ്ട്. കൽപറ്റ ടൗണിൽനിന്ന് 8 കിലോമീറ്റർ പരിധിയിലാണ് പ്രൊജക്ട് സൈറ്റ്. മേപ്പാടിയിൽനിന്ന് അഞ്ച് കിലോമീറ്ററും മുട്ടിൽ ടൗണിൽനിന്ന് നാല് കിലോമീറ്ററും സഞ്ചരിച്ചാൽ സൈറ്റിലെത്താം. മേപ്പാടി പഞ്ചായത്തിൽ തന്നെ വീടുകൾ വേണമെന്ന ഗുണഭോക്താക്കളുടെ ആവശ്യത്തിന് പരിഗണന നൽകിയാണ് വെള്ളിത്തോട് പ്രകൃതി സുന്ദരമായ പ്രദേശത്ത് 11.5 ഏക്കർ ഭൂമി 14,13,21,438 രൂപ ചെലവഴിച്ച് മുസ്ലിംലീഗ് വാങ്ങിയത്. പ്രൊജക്ട് സൈറ്റിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സി.ബി.എസ്.ഇ സ്‌കൂൾ അടക്കം മൂന്ന് ഹയർ സെക്കണ്ടറി സ്‌കൂളുകളും രണ്ട് ഹൈസ്‌കൂളുകളുമുണ്ട്. പൂച്ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് പദ്ധതി പ്രദേശം ഹരിതാഭമാക്കിയിട്ടുണ്ട്. സൈറ്റിന്റെ 10 കിലോമീറ്റർ പരിധിയിലാണ് വിനോദസഞ്ചാര കേന്ദ്രമായ കാരാപ്പുഴ ഡാം. ഉറ്റവരുടെ വേർപ്പാടിൽ മനംനൊന്ത് കഴിയുന്ന മുണ്ടക്കൈ-ചൂരൽമല ഉരുൾബാധിതർക്ക് വലിയ ആശ്വാസമാണ് മുസ്ലിംലീഗിന്റെ ഈ സ്‌നേഹഭവനങ്ങൾ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *