April 15, 2026

വയനാട് ഇത്തവണ ആർക്കൊപ്പം?

0
IMG-20260316-WA0131
By ന്യൂസ് വയനാട് ബ്യൂറോ

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വന്നതോടെ അരയും തലയും മുറുക്കിയിരിക്കുകയാണ് മുന്നണികൾ. സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞതോടെ പ്രചരണ രംഗത്ത് സജീവമായി സ്ഥാനാർഥികൾ. സിറ്റിംഗ് എം.എൽ.എമാരും പുതുമുഖങ്ങളും ഏറ്റുമുട്ടുന്നതോടെ ജില്ലയിൽ ഇത്തവണ പ്രവചനാതീതമായ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.

2011- ലെ സെൻസസ് പ്രകാരം, ജില്ലയിലെ ജനസംഖ്യ 8,17,420 ആണ്. ജില്ലയിൽ 49.5% ഹിന്ദുക്കളും 28.65% മുസ്ലീങ്ങളും 21.3% ക്രിസ്ത്യാനികളുമാണ്. മൊത്തം ജനസംഖ്യയുടെ ഏകദേശം 18.5% പട്ടികവർഗ്ഗക്കാരാണ്. പട്ടിക വർഗക്കാരിൽ പണിയ വിഭാഗം ഏകദേശം 45%-വും 20% കുറിച്യരുമാണ്. ബാക്കി അടിയ, കുറുമ, കാട്ടുനായ്ക്ക തുടങ്ങിയ വിഭാഗക്കാരും.

2026- ലെ തീവ്ര വോട്ടർപട്ടിക പരിഷ്കാരത്തിനുശേഷം പുറത്തുവന്ന വോട്ടർപട്ടികയിൽ 6,40,947 വോട്ടർമാരുണ്ട്. മാനന്തവാടി, സുൽത്താൻ ബത്തേരി , കൽപ്പറ്റ എന്ന് മൂന്നു നിയമസഭ മണ്ഡലങ്ങളിൽ മാനന്തവാടിയും സുൽത്താൻ ബത്തേരിയും പട്ടികവർഗ സംവരണ മണ്ഡലങ്ങളാണ്.

2011-2016 ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന
പി. കെ. ജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് മാനന്തവാടി മണ്ഡലത്തിൽ 2016,2021 തിരഞ്ഞെടുപ്പുകളിൽ സി പി എം സ്ഥാനാർത്ഥി ഒ. ആർ. കേളു വിജയിച്ച് കയറിയത്.
മന്ത്രി കെ. രാധകൃഷ്ണൻ 2024- ൽ ലോക്‌സഭാംഗമായതിനെത്തുടർന്നുണ്ടായ ഒഴിവിൽ കേളു പട്ടികജാതി- പട്ടികവർഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയായി.
2011 മുതൽ മൂന്നു തിരഞ്ഞെടുപ്പുകളിൽ ബി ജെ പി സ്ഥാനാർത്ഥിക്ക് 8.62% വീതം വോട്ടാണ് ലഭിച്ചത്.

കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടുവിഹിതം പരിശോധിച്ചാൽ യു.ഡി.എഫിനാണ് മുൻതൂക്കം. 2016- ൽ നേരിയ ഭൂരിപക്ഷത്തിനാണ് ഇടതുമുന്നണി വിജയിച്ചതെങ്കിൽ 2021-ൽ ഭൂരിപക്ഷം വർധിപ്പിക്കാൻ കേളുവിനായി. ജനപ്രതിനിധിയെന്ന നിലയിലും പട്ടികജാതി -പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയെന്ന നിലയിലും മണ്ഡലത്തിൽ ലഭിച്ച സ്വീകാര്യതയും വികസന പ്രവർത്തനങ്ങളും മുന്നോട്ടുവെച്ച് എൽ.ഡി.എഫിന് 2021- ലേതുപോലെ വോട്ട് നേടിയെടുക്കാൻ കഴിഞ്ഞാൽ മാനന്തവാടി ഇക്കുറിയും എൽ ഡി എഫിനോടൊപ്പം നിൽക്കാനാണ് സാധ്യത.

പട്ടികവർഗ സംവരണ മണ്ഡലമായ സുൽത്താൻ ബത്തേരിയിൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കും സ്വാധീനമുള്ള പഞ്ചായത്തുകൾ ഉൾപ്പെടുന്നതിനാൽ മണ്ഡലത്തിൽ യു ഡി എഫിന് ഏറെ വിജയ പ്രതീക്ഷയാണുള്ളത്.2011 മുതൽ തുടർച്ചയായി മൂന്നുതവണ വിജയിച്ച
ഐ.സി. ബാലകൃഷ്ണനാണ് ഏറ്റവും കൂടുതൽ കാലം മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

2021- ലെ തിരഞ്ഞെടുപ്പിൽ ഐ. സി. ബാലകൃഷ്‌ണൻ 81,077 വോട്ട് നേടിയപ്പോൾ സി പി എമ്മിലെ എം.എസ്. വിശ്വനാഥൻ 69,255 വോട്ട് നേടി. ആകെ പോൾ ചെയ്ത 1,67,432 വോട്ടിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച സി.കെ. ജാനു 15,198 വോട്ടാണ് നേടിയത്.

മണ്ഡലത്തിൽ മീനങ്ങാടിയിലും പൂത്താടിയിലുമാണ് 2025- ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഭൂരിപക്ഷം ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം 14,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് യു ഡി എഫിനുള്ളത്.

വയനാട്ടിൽ യു ഡി എഫ് വിജയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് കൽപ്പറ്റ.2021- ലെ തിരഞ്ഞെടുപ്പിൽ ശ്രേയംസ്കുമാർ നയിക്കുന്ന ജനതാദൾ വിഭാഗം എൽ ഡി എഫിൽ തിരികെയെത്തിയെങ്കിലും യു ഡി എഫിനായിരുന്നു കല്പറ്റയിൽ വിജയം. 2021- ൽ ആകെ പോൾ ചെയ്ത 1,52,587 വോട്ടിൽ കോൺഗ്രസിലെ ടി. സിദ്ധിക്ക് 70,252 വോട്ടും എൽ ഡി എഫിലെ ശ്രേയംസ് കുമാർ 64,782 വോട്ടും നേടിയപ്പോൾ ബി ജെ പിയുടെ സുബീഷ് ടി.എമ്മിന് 14,113 വോട്ടാണ് ലഭിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് പരിശോധിച്ചാൽ മണ്ഡലത്തിൽ 20,000- ലേറെ വോട്ടിന്റെ ഭൂരിപക്ഷം
യു ഡി എഫിനുണ്ട്.

മുണ്ടക്കൈ- ചൂരൽമല പ്രകൃതി ദുരന്തസമയത്തും പിന്നീടും സർക്കാർ നടത്തിയ ഭവനപദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും വിവിധ വിഭാഗം ജനങ്ങളുടെ പിന്തുണ നേടിക്കൊടുക്കാൻ എൽ.ഡി.എഫിന് സഹായകമായേക്കാം.
ഇത് വോട്ടായാൽ എൽ ഡി എഫിന്റെ തിരിച്ചുവരവ് സാധ്യമാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *