കുഴൽപണം തട്ടിയ കേസ്: മുൻ എസ്.എച്ച്.ഒ അനിൽകുമാർ റിമാൻഡിൽ
കൽപ്പറ്റ: ചുണ്ടേൽ സ്വദേശിയിൽനിന്ന് പിടികൂടിയ കുഴൽപണം രേഖപ്പെടുത്താതെ തട്ടിയെടുത്ത കേസിലെ ഒന്നാംപ്രതിയായ വൈത്തിരി മുൻ എസ്.എച്ച്.ഒ സി.ആർ. അനിൽകുമാറിനെ കോടതി റിമാൻഡ് ചെയ്തു. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദായതിനെത്തുടർന്ന് ഒളിവിൽ പോയിരുന്ന ഇദ്ദേഹം, കോടതി നിർദ്ദേശപ്രകാരം കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി തിങ്കളാഴ്ച കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതിയെ മാർച്ച് 30 വരെയാണ് മജിസ്‌ട്രേറ്റ് പി. ഉബൈദുള്ള റിമാൻഡ് ചെയ്തത്.
2025 സെപ്റ്റംബർ 15-ന് ചുണ്ടേലിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലപ്പുറം സ്വദേശികൾക്ക് കൈമാറാൻ കൊണ്ടുവന്ന 3,37,000 രൂപ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയും എന്നാൽ ഇത് ഔദ്യോഗിക രേഖകളിൽ കാണിക്കാതെ തട്ടിയെടുക്കുകയുമായിരുന്നു. പണം കൈപ്പറ്റാൻ എത്തിയവരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്. സംഭവത്തിൽ അനിൽകുമാറിനെ കൂടാതെ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൽ ഷുക്കൂർ, ബിനീഷ്, അബ്ദുൾ മജീദ് എന്നിവർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇവരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. കുഴൽപണ ഇടപാടിനെക്കുറിച്ച് വിവരം നൽകുകയും പണം പൂഴ്ത്താൻ സഹായിക്കുകയും ചെയ്ത കോൺഗ്രസ് പ്രവർത്തകൻ എം.എ. റിയാസിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കവർച്ചാശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കോഴിക്കോട് ക്രൈംബ്രാഞ്ചാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.





Leave a Reply