പഴയ വിലയിൽ ഇനി ഇന്ധനം കിട്ടില്ല; പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് നയാര കമ്പനി
കൽപ്പറ്റ: രാജ്യത്ത് ഊർജപ്രതിസന്ധി രൂക്ഷമായിരിക്കെ ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധനവില വർധിപ്പിച്ച് നയാര എനർജി. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. പുതിയ നിരക്ക് പ്രാബല്യത്തിൽവന്നു. മറ്റ് കമ്പനികളും പിന്നാലെ ഇന്ധനവില വർധിപ്പിച്ചേക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. ക്രൂഡ് ഓയിൽ വില വർധിച്ചതാണ് നീക്കത്തിന് കാരണമെന്നാണ് നയാര നൽകുന്ന വിശദീകരണം.
പശ്ചിമേഷ്യയിലെ സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് നയാര ഇന്ധവില കുത്തനെ കൂട്ടിയത്. ഇന്ത്യയിലെ ഏറ്റവുംവലിയ സ്വകാര്യ ഇന്ധന കമ്പനിയാണ് നയാര. കേരളത്തിലെ വിവിധയിടങ്ങളിൽ ഇവർക്ക് പമ്പുകളുണ്ട്. പുതുക്കിയ വില പ്രാബല്യത്തിൽ വന്നു.
പൊതുമേഖലാ എണ്ണക്കമ്പനികൾ ഇതുവരെ പെട്രോൾ ഡീസൽ വില വർധിപ്പിച്ചിട്ടില്ല. ഏപ്രിലിൽ നയാര എനർജി 35 ദിവസത്തേക്ക് പ്രവർത്തനങ്ങൾ നിർത്തിവെച്ചേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് ആകെ 6500 പെട്രോൾ പമ്പുകളാണ് നയാരയ്ക്കുള്ളത്.
ഗുജറാത്തിലെ ജാംനഗറിലെ വാദിനാറിലാണ് നയാര എനർജി ലിമിറ്റഡിന്റെ റിഫൈനറി സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവുംവലിയ രണ്ടാമത്തെ എണ്ണ ശുദ്ധീകരണ ശാലയാണിത്. വാർഷിക ശേഷി 20 ദശലക്ഷം ടൺ, പ്രതിദിനം 405000 ബാരൽ ശേഷിയുള്ളതാണ് റിഫൈനറി. അതേസമയം, രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നാണ് കേന്ദ്രം അറിയിക്കുന്നത്. രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികളും അറിയിച്ചു.





Leave a Reply