വയനാട് മെഡിക്കൽ കോളേജ്: യുഡിഎഫ് സ്ഥാനാർത്ഥിയുടെ നിലപാട് വഞ്ചനാപരമെന്ന് എൽഡിഎഫ്
മാനന്തവാടി: മാനന്തവാടിയിൽ നിലവിൽ പ്രവർത്തിച്ചുവരുന്ന വയനാട് മെഡിക്കൽ കോളേജ് സംബന്ധിച്ച് യുഡിഎഫ് സ്ഥാനാർത്ഥി സ്വീകരിച്ച നിലപാട് മാനന്തവാടിയെ വഞ്ചിക്കുന്നതാണെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ മെഡിക്കൽ കോളേജ് മാനന്തവാടിയിൽ നിന്ന് മാറ്റുമോ എന്ന ചോദ്യത്തിന്, അത് ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണെന്ന സ്ഥാനാർത്ഥിയുടെ മറുപടി ഗൗരവകരമാണെന്ന് നേതാക്കൾ പറഞ്ഞു. മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തന്നെ തുടരുമെന്ന് പറയാൻ സ്ഥാനാർത്ഥി തയ്യാറാകാത്തത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും, യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്ഥാപനത്തിന്റെ ഭാവി അപകടത്തിലാകുമെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി.
എൽഡിഎഫ് സർക്കാരിന്റെയും മന്ത്രി ഒ.ആർ. കേളുവിന്റെയും പരിശ്രമഫലമായി 2024-ൽ നാഷണൽ മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭിച്ച് 50 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി മുന്നോട്ട് പോകുന്ന സ്ഥാപനത്തെ മാനന്തവാടിയിൽ തന്നെ നിലനിർത്തുമെന്നും അമ്പുകുത്തിയിലെ ഭൂമിയിൽ ക്യാമ്പസ് നിർമ്മിക്കുമെന്നുമാണ് എൽഡിഎഫ് നിലപാട്. സ്ഥാനാർത്ഥിയുടെ പ്രസ്താവനക്കെതിരെ ജനരോഷം ഉയർന്നപ്പോൾ യുഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനം നടത്തി കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണെന്നും എന്നാൽ യുഡിഎഫ് ജില്ലാ നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളേജ് നിലനിർത്തുന്നതിനും അമ്പുകുത്തിയിൽ നിർമ്മാണം ആരംഭിക്കുന്നതിനും എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം അനിവാര്യമാണെന്ന് എ.എൻ. പ്രഭാകരൻ, പി.വി. സഹദേവൻ, വി.കെ. ശശിധരൻ, നിഖിൽ പത്മനാഭൻ, ശോഭാ രാജൻ, സണ്ണി ജോർജ്, അനിൽ വെള്ളുവക്കണ്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.





Leave a Reply