ജില്ലയില്‍ ഹോം വോട്ടിംഗ് തിങ്കളാഴ്ച മുതല്‍
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ 85 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഹോം വോട്ടിംഗ് പ്രക്രിയ ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച് 30) ആരംഭിക്കും. ഏപ്രില്‍ അഞ്ച് വരെ ഉദ്യോഗസ്ഥര്‍ അപേക്ഷകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും. ജില്ലയില്‍ ആകെ 4420 പേരാണ് ഹോം വോട്ടിങ്ങിനായി അപേക്ഷ സമര്‍പ്പിച്ചത്.
ബി.എല്‍.ഒ, പ്രിസൈഡിങ് ഓഫിസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്സെര്‍വര്‍, പോലീസ്, വീഡിയോഗ്രാഫര്‍ ഉള്‍പ്പെടുന്ന സംഘമാണ് വീടുകളില്‍ എത്തുക. 80 സ്‌ക്വാഡുകളാണ് ജില്ലയില്‍ ഹോം വോട്ടിംഗ് നടപടികള്‍ക്കായി പ്രവര്‍ത്തിക്കുക. വോട്ടെടുപ്പ് സമയത്ത് വോട്ടറുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും വോട്ടിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കും. ഓരോ സംഘവും ആവശ്യമായ എല്ലാ തെരഞ്ഞെടുപ്പ് സാമഗ്രികളുമായാണ് വീടുകളില്‍ എത്തുക. വീഡിയോ രേഖപ്പെടുത്തലിലൂടെ പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കുകയും ചെയ്യും. വോട്ടെടുപ്പിന് ശേഷം ബാലറ്റ് സുരക്ഷിതമായി സീല്‍ ചെയ്ത് നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ ഹോം വോട്ടിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. കളക്ടറേറ്റില്‍ നടന്ന പരിശീലന പരിപാടി തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ഹോം വോട്ടിംഗ് നടപടികള്‍ കൃത്യതയോടെയും സുതാര്യതയോടെയും നടത്തണമെന്നും വോട്ടറുടെ സ്വകാര്യത ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
ജില്ലയിലെ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളിലെ 250 ലധികം സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാര്‍, പോളിംഗ് ഓഫീസര്‍മാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു. മാസ്റ്റര്‍ ട്രെയിനര്‍ ഉമറലി പാറച്ചോടന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ഓരോ വോട്ടറെയും സന്ദര്‍ശിച്ച് നടപടിക്രമങ്ങള്‍ വിശദീകരിച്ച ശേഷം വോട്ട് രേഖപ്പെടുത്തേണ്ടതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശീലനത്തില്‍ വിശദീകരിച്ചു. വോട്ടര്‍മാരെ മുന്‍കൂട്ടി അറിയിച്ച് നിശ്ചിത ഷെഡ്യൂള്‍ പ്രകാരം വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തും. ആദ്യ സന്ദര്‍ശനത്തില്‍ വോട്ടര്‍ ലഭ്യമാകാതിരുന്നാല്‍ ബി.എല്‍.ഒമാര്‍ മുഖേന അറിയിപ്പ് നല്‍കി വീണ്ടും സന്ദര്‍ശനം നടത്തും.
തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ നിജു കുര്യന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ബൈജു, ട്രെയിനിങ് നോഡല്‍ ഓഫീസര്‍ ടോണിച്ചന്‍ ആന്റണി എന്നിവര്‍ പങ്കെടുത്തു.





Leave a Reply