‘ഹെല്‍ത്ത് ഈസ് വെല്‍ത്ത്’; ജില്ലാസ്റ്റേഡിയത്തില്‍ ‘മോണിംഗ് വൈബ്‌സി’നൊപ്പം ചേര്‍ന്ന് ടി സിദ്ദിഖ്
കല്‍പ്പറ്റ: ‘മോണിംഗ് വൈബ്‌സ്’ കൂട്ടായ്മക്കൊപ്പം ചേര്‍ന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖ്. ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി കല്‍പ്പറ്റ മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ജോഗിംഗിനും വ്യായാമം ചെയ്യുന്നതിനുമായി എത്തുന്നവരുടെ സൗഹൃദങ്ങളില്‍ നിന്നും രൂപം കൊണ്ട കൂട്ടായ്മയാണ് ‘മോണിംഗ് വൈബ്‌സ്’.
നാലാംദിവസത്തെ പര്യടനപരിപാടികള്‍ക്ക് മുന്നോടിയായാണ് സിദ്ദിഖ് സ്റ്റേഡിയത്തിലെത്തിയത്. സ്റ്റേഡിയത്തിലെത്തുമ്പോള്‍ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള മോണിംഗ് വൈബ്‌സിന്റെ സംഘം നടത്തം ആരംഭിച്ചുകഴിഞ്ഞിരുന്നു. സിദ്ദിഖും അവര്‍ക്കൊപ്പം ചേര്‍ന്നു. വയനാടിന്റെ മനോഹരമായ പ്രഭാതത്തില്‍ അപ്രതീക്ഷിതമായി സ്ഥാനാര്‍ഥി കൂടിയെത്തിയതോടെ അവരുടെ നടത്തവും ഓട്ടവും കൂട്ടായ്മയുടെ പേര് പോലെ തന്നെ വൈബായി മാറി. അരമണിക്കൂറിലധികം സമയം തിങ്കളാഴ്ച സ്റ്റേഡിയത്തിലെത്തിയ പതിനഞ്ചോളം വരുന്ന കൂട്ടായ്മയിലെ അംഗങ്ങള്‍ക്കൊപ്പം നടന്നും ഓടിയും വ്യായാമം ചെയ്ത ശേഷമായിരുന്നു സ്ഥാനാര്‍ഥി മടങ്ങിയത്.
ജില്ലാ സ്റ്റേഡിയത്തെ സംബന്ധിച്ച് നിലവില്‍ രാവിലെ അഞ്ചര മുതല്‍ തന്നെ വ്യായാമം ചെയ്യുന്നതിനായി ആളുകളെത്തി തുടങ്ങും. മുണ്ടേരിയിലും പരിസരപ്രദേശങ്ങളിലുള്ളവരുമായിരുന്നു ആദ്യമെല്ലാം എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ കല്‍പ്പറ്റയുടെ പലഭാഗത്തു നിന്നും ഇവിടേക്ക് നിരവധി പേരാണ് നടക്കാനും ഓടാനും വ്യായാമം ചെയ്യാനുമായി എത്തിക്കൊണ്ടിരിക്കുന്നത്.
സ്റ്റേഡിയത്തിലെത്തിയ സിദ്ദിഖ് കൂട്ടായ്മയിലെ അംഗങ്ങളോടും പരിശീലനത്തിനായി എത്തിയവരോടുമെല്ലാം വോട്ടഭ്യര്‍ഥിക്കാനും മറന്നില്ല. അജിത് മഹിമ, ബിന്ദു ബാലു, ശ്യാമള, വാസുദേവന്‍, സുനില്‍ മാഷ്, ഷെമീര്‍ എന്നിങ്ങനെ നിരവധി പേരാണ് കൂട്ടായ്മയുടെ ഭാഗമായി ഇന്നലെ സ്ഥാനാര്‍ഥിക്കൊപ്പം സ്റ്റേഡിയത്തിലുണ്ടായിരുന്നത്.





Leave a Reply