നവലിബറൽ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ജനകീയ ബദൽ: കെ.വി. പ്രകാശിന് വോട്ട് അഭ്യർത്ഥിച്ച് സി പി ഐ എം എൽ റെഡ് സ്റ്റാർ
കൽപ്പറ്റ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നവലിബറൽ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ജനകീയ ബദൽ ഉയർത്തണമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎംഎൽ റെഡ് സ്റ്റാർ സ്ഥാനാർത്ഥി കെ.വി. പ്രകാശിന് വോട്ട് ചെയ്യണമെന്നും പാർട്ടി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആർഎസ്എസിന്റെ രാഷ്ട്രീയ ഉപകരണമായ ബിജെപി നയിക്കുന്ന മോദി സർക്കാർ, തീവ്ര വലതുപക്ഷ കോർപ്പറേറ്റ് നയങ്ങളിലൂടെയും ഇസ്ലാമോഫോബിയയിലൂടെയും സ്ത്രീ-ദലിത് വിരുദ്ധതയിലൂടെയും രാജ്യത്ത് ഫാസിസ്റ്റ് വാഴ്ചയാണ് നടത്തുന്നതെന്ന് റെഡ് സ്റ്റാർ കുറ്റപ്പെടുത്തി. ഭരണവർഗ്ഗ രാഷ്ട്രീയത്തിലേക്ക് ജീർണ്ണിച്ച സിപിഎം നയിക്കുന്ന പിണറായി സർക്കാർ, ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാരുകൾക്ക് സമാനമായ നയങ്ങളാണ് കേരളത്തിലും നടപ്പാക്കുന്നത്. പഴയ ‘കേരള മോഡൽ’ ഉപേക്ഷിച്ച് നവലിബറൽ കോർപ്പറേറ്റിസത്തിന് അനുസൃതമായ ‘നവകേരളം’ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഹാരിസൺസ് ഉൾപ്പെടെയുള്ള വിദേശ കോർപ്പറേറ്റുകൾ കൈവശപ്പെടുത്തിയ അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി പിടിച്ചെടുക്കാതെ സിവിൽ കേസുകൾ നടത്തി സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വാർത്താ സമ്മേളനത്തിൽ നേതാക്കൾ ആരോപിച്ചു. അദാനി-അംബാനിമാരുടെ കോടികൾ എഴുതിത്തള്ളുമ്പോൾ സർഫാസി നിയമം മൂലം വയനാട്ടിലടക്കം പതിനായിരക്കണക്കിന് കുടുംബങ്ങൾ ജപ്തി ഭീഷണിയിലാണ്. വർദ്ധിച്ചുവരുന്ന കടബാധ്യത, വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, പരിസ്ഥിതി വിനാശം എന്നിവയ്‌ക്കൊപ്പം ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടകളും കേരളത്തിൽ നടപ്പാക്കപ്പെടുന്നു. ജാതി സംവരണം അട്ടിമറിച്ചതിലും ജിഎസ്ടി നടപ്പാക്കിയതിലും കേരളം മുന്നിലാണെന്നും മാവോയിസത്തിന്റെ പേരിൽ എട്ടു വ്യാജ ഏറ്റുമുട്ടൽ കൊലകൾ പിണറായി സർക്കാർ നടത്തിയെന്നും അവർ വിമർശിച്ചു. തോട്ടം തൊഴിലാളികളും ആദിവാസികളും ഭൂരഹിതരായി തുടരുമ്പോൾ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്തിയത് ജനങ്ങളെ പരിഹസിക്കലാണ്.
ദുരന്തങ്ങളിൽ നിന്ന് പാഠം പഠിക്കാതെ റിയൽ എസ്റ്റേറ്റ് മാഫിയകൾക്കായി നടപ്പാക്കുന്ന തുരങ്കപാത പോലുള്ള പദ്ധതികൾ കോർപ്പറേറ്റ് വികസന മാതൃകയാണെന്നും ഇതിനെതിരെ ജനകീയ ബദൽ ആവശ്യമാണെന്നും നേതാക്കൾ പറഞ്ഞു. ‘ബ്ലാക്ക് ബോർഡ്’ അടയാളത്തിൽ മത്സരിക്കുന്ന കെ.വി. പ്രകാശിന് വോട്ട് ചെയ്യണമെന്ന് അവർ അഭ്യർത്ഥിച്ചു. വാർത്താ സമ്മേളനത്തിൽ സ്ഥാനാർത്ഥി കെ.വി. പ്രകാശ്, തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ അഡ്വ. സുനിൽ ജോസഫ്, പി.ടി. പ്രേമാനന്ദ്, എം.കെ. ഷിബു, സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോർജ്ജ് എന്നിവർ പങ്കെടുത്തു.





Leave a Reply