എൻഡിഎയുടെ ശക്തിവിളംബരമായി ബത്തേരി കൺവെൻഷൻ
ബത്തേരി: എൻഡിഎയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു ബത്തേരി നിയോജകമണ്ഡലം കൺവെൻഷൻ. കടുത്ത വെയിലിനെ പോലും അവഗണിച്ച് നൂറുകണക്കിന് പ്രവർത്തകരാണ് മുദ്രാവാക്യം വിളികളോടെ സ്ഥാനാർത്ഥിയെ വരവേൽക്കാൻ എത്തിയത്. മുൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വലിയ ആവേശത്തോടെ ജനങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചു. ഓരോ പ്രവർത്തകനും കവിതയാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഇടതു-വലതു മുന്നണികളെ തോൽപ്പിക്കേണ്ടത് അനിവാര്യമാണെന്നും എല്ലായിടത്തും ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയോജകമണ്ഡലം ഇലക്ഷൻ ഇൻ ചാർജ് ടി.എം. സുബീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിനെത്തിയ പി.എസ്. ശ്രീധരൻ പിള്ളയെ ബിജെപി പ്രവർത്തകർ പൊന്നാട അണിയിച്ച് ആദരിച്ചു. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ വൻ ജനപങ്കാളിത്തം ദൃശ്യമായ പരിപാടിയിൽ വിവിധ വനവാസി ഊരുകളിൽ നിന്നുള്ളവരുടെ സാന്നിധ്യം ശ്രദ്ധേയമായി. ബത്തേരി നിയോജകമണ്ഡലം കൺവീനർ അഡ്വ. പി.സി. ഗോപിനാഥ് ആമുഖ പ്രഭാഷണം നടത്തി. പുൽപ്പള്ളി മണ്ഡലം പ്രസിഡന്റ് ഷാജിദാസ് കെ.ഡി, ബത്തേരി മണ്ഡലം ഇൻ ചാർജ് പി.ജി. ആനന്ദ് കുമാർ, ചീഫ് ഇലക്ഷൻ ഏജന്റ് കെ.ബി. മതൻലാൽ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.





Leave a Reply