April 9, 2026

നിയമസഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് എക്സൈസ് പരിശോധന ശക്തമാക്കി 

0
IMG_20260407_190020
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി എക്സൈസ് ഇന്റലിജൻസ് വിഭാഗം സംസ്ഥാനവ്യാപകമായി പരിശോധനകൾ ശക്തമാക്കി. എക്സൈസ് ഇന്റലിജൻസിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ ഹോട്ട്‌സ്പോട്ട്’, ‘ഓപ്പറേഷൻ സി-ഹണ്ട്’ എന്നീ പേരുകളിലുള്ള രണ്ട് പ്രത്യേക കർമ്മപദ്ധതികളാണ് നിലവിൽ നടന്നുവരുന്നത്. എക്സൈസ് രഹസ്യാന്വേഷണ വിഭാഗം മുൻകൂട്ടി കണ്ടെത്തിയ പ്രശ്നബാധിത പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന പരിശോധനകളിൽ വൻതോതിൽ ലഹരിവസ്തുക്കളും പണവും പിടിച്ചെടുത്തു. മയക്കുമരുന്ന്-മദ്യ സംഭരണ കേന്ദ്രങ്ങൾ, സ്ഥിരം കുറ്റവാളികൾ, വ്യാജവാറ്റു കേന്ദ്രങ്ങൾ, സ്പിരിറ്റ് സംഭരണ ശാലകൾ എന്നിവയ്ക്കൊപ്പം റെയിൽവേ സ്റ്റേഷനുകൾ, അന്തർസംസ്ഥാന ബസുകൾ, പാഴ്സൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും നിരീക്ഷണം ഊർജിതമാക്കിയിട്ടുണ്ട്. വൻതോതിൽ കഞ്ചാവ് കൃഷി നടക്കാൻ സാധ്യതയുള്ള ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ വനമേഖലകൾ കേന്ദ്രീകരിച്ചാണ് ‘ഓപ്പറേഷൻ സി-ഹണ്ട്’ പുരോഗമിക്കുന്നത്. ഫോറസ്റ്റ്, പോലീസ് വകുപ്പുകളുടെ സഹായത്തോടെ ഇടുക്കിയിലെ വത്സപ്പെട്ടികുടി, തുളമല, ആകാശകോട്ട, കൂടകാട് ട്രൈബൽ ഉന്നതി, തീർത്തമലകുടി എന്നിവിടങ്ങളിലും പാലക്കാട് അട്ടപ്പാടി മേഖലയിലും വൻ പരിശോധനകൾ നടന്നു. ഇതിൽ അട്ടപ്പാടിയിൽ നിന്നും മാത്രം 1350 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു.

 

‘ഓപ്പറേഷൻ ഹോട്ട്‌സ്പോട്ടിന്റെ’ ഭാഗമായി മാർച്ച് 16 മുതൽ ഏപ്രിൽ 2 വരെ നടത്തിയ പരിശോധനകളിൽ 61 അബ്കാരി കേസുകളും 52 മയക്കുമരുന്ന് കേസുകളും 47 പുകയില സംബന്ധിച്ച കേസുകളും രജിസ്റ്റർ ചെയ്തു. അബ്കാരി കേസുകളിലായി 27.85 ലിറ്റർ ചാരായം, 1560 ലിറ്റർ വാഷ്, 195.52 ലിറ്റർ വിദേശ മദ്യം, 53.66 ലിറ്റർ അനധികൃത മദ്യം തുടങ്ങിയവ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിൽ 36.078 കിലോഗ്രാം കഞ്ചാവ്, 1362 കഞ്ചാവ് ചെടികൾ, 328.404 ഗ്രാം മെത്താംഫിറ്റമിൻ, 0.330 ഗ്രാം എം.ഡി.എം.എ എന്നിവയും ഉൾപ്പെടുന്നു. പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തിയ 62.5 ലക്ഷം രൂപയും ഏഴ് വാഹനങ്ങളും എക്സൈസ് കസ്റ്റഡിയിലെടുത്തു. കേസുകളിലായി ഇതുവരെ 88 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എക്സൈസ് കമ്മിഷണറുടെ അധിക ചുമതല വഹിക്കുന്ന കിഷോർ കുമാർ ഐ.പി.എസ്സിന്റെ നിർദ്ദേശാനുസരണം അഡീഷണൽ എക്സൈസ് കമ്മിഷണർ എസ്. ദേവ മനോഹർ ഐ.പി.എസ്, ജോയിന്റ് കമ്മിഷണർ റോബർട്ട് വി, അസിസ്റ്റന്റ് കമ്മിഷണർമാരായ രാകേഷ് എം, നൂറുദ്ദീൻ എച്ച്, ശരത് ബാബു എന്നിവരാണ് പരിശോധനകൾക്ക് മേൽനോട്ടം വഹിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. ലഹരി സംബന്ധമായ പരാതികൾ സംസ്ഥാന ആസ്ഥാനത്തെ 9447178000 എന്ന നമ്പരിലോ ജില്ലാ ആസ്ഥാനങ്ങളിലെ 155358 എന്ന ടോൾ ഫ്രീ നമ്പരിലോ അറിയിക്കാവുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *