തിരഞ്ഞെടുപ്പ് ഗോദയിൽ പരാജയം എന്തെന്ന് അറിയാത്ത നേതാവ്; ഒടുവിൽ ഉഷ വിജയന് മുന്നിൽ മുട്ടുമടക്കി ഒ.ആർ.കേളു
മാനന്തവാടി: തിരഞ്ഞെടുപ്പ് ഗോദയിൽ പരാജയം എന്തെന്ന് അറിയാത്ത നേതാവായിരുന്നു ഒ.ആർ.കേളു. തിരുനെല്ലി പഞ്ചായത്ത് അംഗമായും പഞ്ചായത്ത് പ്രസിഡന്റായും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ച ശേഷമാണ് ഒ.ആർ.കേളു നിയമസഭയിലേക്ക് മത്സരിച്ചത്. അന്ന് വരെ പരാജയം അറിയാത്ത പി.കെ.ജയലക്ഷ്മി മന്ത്രിയായിരിക്കെയാണ് 2016ലെ തിരഞ്ഞെടുപ്പിൽ ഒ.ആർ.കേളുവിനോട് പരാജയപ്പെട്ടത്. 2021ലും പി.കെ.ജയലക്ഷ്മി തന്നെയായിരുന്നു എതിരാളി. ഭൂരിപക്ഷം വർധിപ്പിച്ചാണ് പി.കെ.ജയലക്ഷ്മിയെ ഒ.ആർ.കേളു രണ്ടാം വട്ടം പരാജയപ്പെടുത്തിയത്. രണ്ടാമൂഴത്തിന്റെ അവസാനം മന്ത്രിയാകാൻ അവസരം ലഭിച്ച ഒ.ആർ.കേളു വികസന നേട്ടങ്ങൾ എണ്ണി എണ്ണി പറഞ്ഞാണ് വോട്ട് തേടിയത്. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി ഉഷ വിജയന് മുന്നിൽ ഒ.ആർ.കേളുവിന് മുട്ടു മടക്കേണ്ടി വന്നു.
കഴിഞ്ഞ പത്തു വർഷമായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്നു മാനന്തവാടി. ജനങ്ങൾക്കൊപ്പം എംഎൽഎയായും മന്ത്രിയായും സേവനമനുഷ്ടിച്ച ഒ ആർ കേളുവിനെ തോൽപ്പിച്ചാണ് ഉഷ വിജയൻ നിയമസഭയിലെത്തുന്നത്. ഉഷ വിജയന് 77425 വോട്ടകളും ഒ ആർ കേളുവിന് 66882 വോട്ടുകളും, എൻഡിഎ സ്ഥാനാർത്ഥി പി ശ്യാം രാജ് 19681 വോട്ടുകളും ലഭിച്ചു. യുഡിഎഫ് മണ്ഡലമായിരുന്ന മാനന്തവാടി 2016 ൽ ഒ ആർ കേളുവിലൂടെയാണ് എൽഡിഎഫ് പിടിച്ചെടുത്തത്. കഴിഞ്ഞ പത്ത് വർഷമായി 10543 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉഷയുടെ വിജയം.
നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ കേളു ഡിവൈഎഫ്ഐയിലൂടെയാണ് പൊതു രംഗത്ത് എത്തിയത്. എകെഎസ് മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്നു. ‘കേളുവേട്ടനല്ലാതെ മറ്റാര്’ എന്ന് ചോദിച്ചാണ് ഇടത് പ്രവർത്തകർ പ്രചാരണം നയിച്ചതും. സൗമ്യമായ പെരുമാറ്റവും വിനയവും മുഖമുദ്രയാക്കിയ കേളു മൂന്നാം അങ്കവും ഭൂരിപക്ഷം വർധിപ്പിച്ച് വിജയിച്ച് കയറുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ഇടത് ക്യാംപ്. സംസ്ഥാനത്തൊട്ടാകെ വീശിയടിച്ച ഭരണ വിരുദ്ധ വികാരത്തിൽ കേളുവും കുലുങ്ങിയെന്ന് സമാധാനിക്കാനാണ് പാർട്ടി നേതൃത്വത്തിന് ഇഷ്ടം.
എങ്കിലും സിപിഎമ്മിലും ഇടത് മുന്നണിയിലും കാലങ്ങളായി തുടരുന്ന വിഭാഗീയത പരാജയ കാരണങ്ങളിൽ ഉൾപ്പെടുമെന്ന് വാദിക്കുന്നവരും ഉണ്ട്. ജനകീയതയും സ്വീകാര്യതയും ഉള്ള സ്ഥാനാർഥിയെ ലഭിക്കുകയും മന്ത്രി എന്ന നിലയിൽ ഉണ്ടാക്കിയ വികസന നേട്ടങ്ങളും ഉണ്ടായിട്ടും പതിനായിരത്തിലേറെ വോട്ടുകൾക്ക് നേരിട്ട പരാജയം പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. വോട്ടെടുപ്പിന്റെ തലേന്ന് തന്നെ ബ്ലോക്ക് പ‍്ചായത്ത് ഓഫിസ് സമുച്ചയത്തിലെ മന്ത്രി ഓഫിസിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയും ഫർണിച്ചറുകൾ നീക്കുകയും ചെയ്തിരുന്നു.





Leave a Reply