സ്വർണവില വീണ്ടും ഇടിഞ്ഞു; ഇന്ന് രേഖപ്പെടുത്തിയത് ഈ മാസത്തെ കുറഞ്ഞ നിരക്ക്
കൽപ്പറ്റ: സ്വർണ വിലയിൽ ഇന്നും ഇടിവ്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 13,675 രൂപയും പവന് 320 രൂപ കുറഞ്ഞ് 1,09,400 രൂപയുമായി. സംസ്ഥാനത്ത് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വിലയിടിഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്.
നിലവിലെ വിലയിൽ കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലിയും നികുതിയും ചേർത്ത് ഒന്നര ലക്ഷം രൂപയ്ക്ക് അടുത്ത് നൽകേണ്ടി വരും. ഡിസൈൻ മാറുന്നതിന് അനുസരിച്ച് കേരളത്തിൽ മൂന്നു മുതൽ മുപ്പത് ശതമാനം വരെയാണ് പണിക്കൂലി ഈടാക്കുക. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടർന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.
വിലയിലെ ഇടിവ് ആഭരണപ്രിയർക്കും വിവാഹ ആവശ്യത്തിന് സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം നൽകുന്നതാണ്. വിവാഹ സീസണിലെ വിലയിടിവ് വിപണിക്കും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. എന്നാൽ സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് വിലയിറക്കം വലിയ തിരിച്ചടിയാണുണ്ടാക്കുന്നത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. പിന്നീട് ഏറിയും കുറഞ്ഞും തുടർന്ന സ്വർണവില, മാർച്ച് 23ന് ഒരുലക്ഷത്തിന് താഴേക്കും പതിച്ചു. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. വിപണിയില്‍ ചാഞ്ചാട്ടം ശക്തമായതിനാല്‍ വാങ്ങുന്നതിന് മുൻപ് ഏറ്റവും പുതിയ നിരക്ക് അറിയുന്നത് നല്ലതാണ്.





Leave a Reply