കള്ളാടി – ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണം നിർത്തിവയ്ക്കണം: ആം ആദ്മി പാർട്ടി
കൽപ്പറ്റ: കള്ളാടി – ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ നിർത്തിവയ്ക്കണമെന്ന് ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷകരാകേണ്ട ഗവണ്മെന്റ് ജനങ്ങളുടെ അന്തകരായി മാറുന്നത് വേദനാജനകമാണെന്നും, പദ്ധതി പ്രഖ്യാപിച്ച കാലം മുതൽ പരിസ്ഥിതി പ്രവർത്തകരും പൊതുപ്രവർത്തകരും വിവിധ സംഘടനകളും ഇതിനെതിരെ രംഗത്തുവന്നിട്ടുള്ളതാണെന്നും യോഗം ചൂണ്ടിക്കാട്ടി. നിലവിലുള്ള താമരശ്ശേരി ചുരത്തിലെ യാത്ര ദുസ്സഹമാക്കിക്കൊണ്ട്, വയനാട്ടിലെ സാധാരണ ജനങ്ങളെ സമ്മർദ്ദത്തിലാക്കിയാണ് മുൻ എൽ.ഡി.എഫ് സർക്കാർ കൃത്യമായ പരിസ്ഥിതി പഠനം പോലും നടത്താതെ തുരങ്കപാതയുടെ നിർമ്മാണം തുടങ്ങിയതെന്ന് യോഗം കുറ്റപ്പെടുത്തി. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് അവരുടെ തന്നെ ജീവനെടുക്കുന്ന ഈ പദ്ധതി അടിയന്തിരമായി നിർത്തിവയ്ക്കാൻ ജില്ലാ ദുരന്ത നിവാരണ സമിതി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഇടപെടണമെന്നും, പദ്ധതി പ്രദേശത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരിക്കുന്ന മൺകൂന നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. കൽപ്പറ്റയിൽ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഡോ. എ.ടി. സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അജി കൊളോണിയ, ജില്ലാ സെക്രട്ടറി പോൾസൻ തോമാട്ടുചാൽ, ജില്ലാ ട്രഷറർ മനു മത്തായി, ഇ.വി. തോമസ്, ഷെറിൻ റോയ്, കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് റഫീക്ക്, മണ്ഡലം സെക്രട്ടറി സൽമാൻ റിപ്പൺ എന്നിവർ സംസാരിച്ചു.





Leave a Reply