എടുക്കാത്ത ലോണുകൾ സിബിൽ സ്കോറിൽ; ശ്രീറാം ഫിനാൻസിനെതിരെ പ്രക്ഷോഭവുമായി യുവമോർച്ച, ബ്രാഞ്ചുകൾ അടപ്പിക്കുമെന്ന് മുന്നറിയിപ്പ്
മാനന്തവാടി: വ്യാജ ലോണുകൾ കാണിച്ച് സാധാരണക്കാരുടെ സിബിൽ സ്കോർ തകർക്കുന്ന ശ്രീറാം ഫിനാൻസിന്റെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി യുവമോർച്ച മാനന്തവാടി മണ്ഡലം കമ്മിറ്റി. പ്രമുഖ ഫിനാൻസിംഗ് സ്ഥാപനമായ ശ്രീറാം ഫിനാൻസിൽ കസ്റ്റമേഴ്‌സ് പോലുമറിയാതെ അവരുടെ പേരിൽ വ്യാജമായി ലോണുകൾ നിലനിൽക്കുന്നതായി കാണിച്ച് സിബിൽ സ്കോർ ഘടനയിൽ കൃത്രിമത്വം വരുത്തുന്നത് അതീവ ഗൗരവകരമായ പ്രശനമാണെന്ന് യുവമോർച്ച ചൂണ്ടിക്കാട്ടി.
നൂറുകണക്കിന് സാധാരണക്കാരായ ആളുകളാണ് ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയായിക്കൊണ്ടിരിക്കുന്നത്. ഭാവിയിൽ അവർക്ക് മറ്റ് ബാങ്കുകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ യാതൊരുവിധ ലോണുകളും ലഭിക്കാത്ത വിധം സിബിൽ സ്കോർ മോശമാക്കുന്ന ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. ദിവസേന നിരവധി പരാതികൾ ലഭിച്ചിട്ടും ഇത്തരത്തിലൊരു പ്രശ്നം നടന്ന വിവരം പൊതുജനങ്ങളോട് തുറന്നുപറയാൻ ഒരു പത്രക്കുറിപ്പിലൂടെയെങ്കിലും മാനേജ്മെന്റ് തയ്യാറായിട്ടില്ല.
ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായി വിഷയത്തിൽ ഇടപെട്ട് ഇല്ലാത്ത ലോണുകൾ റദ്ദാക്കി സിബിൽ പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണം. സാധാരണക്കാരുടെ ഭാവി വച്ച് കളിക്കുന്ന നിലപാട് തിരുത്തി പ്രശ്നപരിഹാരത്തിന് തയ്യാറായില്ലെങ്കിൽ വയനാട് ജില്ലയിലുള്ള ശ്രീറാം ഫിനാൻസിന്റെ ഒരു ബ്രാഞ്ചും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും യുവമോർച്ച നേതാക്കളാൾ മുന്നറിയിപ്പ് നൽകി.





Leave a Reply