മെയ് 12-ന് മാനന്തവാടി മാലിന്യമുക്തമാക്കും; മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
മാനന്തവാടി: നഗരസഭയുടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നഗരസഭാ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മെയ് 12 ചൊവ്വാഴ്ച നഗരസഭയിൽ മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിക്കും. അന്നേ ദിവസം മാനന്തവാടി പട്ടണത്തെ പൂർണ്ണമായും മാലിന്യമുക്തമാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇതിനായി ജനപ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടനകൾ, വ്യാപാരി വ്യവസായികൾ, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, കുടുംബശ്രീ അംഗങ്ങൾ, നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാർ, ആശാ വർക്കർമാർ, അംഗണവാടി ടീച്ചർമാർ, ട്രൈബൽ പ്രമോട്ടർമാർ എന്നിവർക്ക് പുറമെ എക്സൈസ്, പോലീസ്, ഫയർഫോഴ്സ് വിഭാഗങ്ങളുടെയും സഹകരണം ചെയർമാൻ അഭ്യർത്ഥിച്ചു.
മഴക്കാലപൂർവ്വ ശുചീകരണവും ദുരന്തനിവാരണ പ്രവർത്തനങ്ങളും സമയബന്ധിതമായി നടപ്പാക്കുന്നതിനായി മെയ് 8, 9 തിയ്യതികളിൽ വാർഡ് കൗൺസിലർമാരുടെ അധ്യക്ഷതയിൽ 37 വാർഡുകളിലും സാനിറ്റേഷൻ കമ്മിറ്റികൾ ചേരും. ഈ യോഗങ്ങളിൽ ആശാ വർക്കർമാർ, അംഗണവാടി ടീച്ചർമാർ, എസ്.ടി പ്രമോട്ടർമാർ തുടങ്ങിയവർ പങ്കെടുക്കും. വാർഡുതലത്തിൽ ആക്ഷൻ പ്ലാനുകൾ തയ്യാറാക്കണമെന്നും സാമൂഹിക-സാംസ്കാരിക സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് പ്രവർത്തനങ്ങൾ നടത്തണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു. പ്രവൃത്തികൾ പൂർത്തിയാക്കി ബില്ലുകൾ സമർപ്പിക്കുന്ന മുറയ്ക്ക് തുക അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
നഗരസഭാ കാര്യാലയത്തിൽ നടന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു കെ. ജോർജ്ജ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.വി. ജോർജ്ജ്, ഷീജ ഫ്രാൻസിസ്, പി.വി.എസ് മൂസ, നഗരസഭാ സെക്രട്ടറി അനിൽ രാമകൃഷ്ണൻ, മെഡിക്കൽ ഓഫീസർ ജിജിത രാജൻ, എച്ച്.ഐ സജേഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഷൈജു എസ് എന്നിവർ സംസാരിച്ചു. കൗൺസിലർ സി. കുഞ്ഞബ്ദുള്ള നന്ദി രേഖപ്പെടുത്തി.





Leave a Reply