May 18, 2026

വയനാട് മെഡിക്കൽ കോളേജ് : പുതിയ സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് ആക്ഷൻ കമ്മിറ്റി

0
IMG_20260518_163147
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ വിപുലമായ യോഗം കൽപ്പറ്റ എം.ജി.ടി ഓഡിറ്റോറിയത്തിൽ ചേർന്നു. തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ യു.ഡി.എഫിന് ലഭിച്ച തിളക്കമാർന്ന വിജയത്തിന് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സഹായിച്ചതായി യോഗം വിലയിരുത്തി. മുൻ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന, നിലവിലെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ വയനാട്, കാസർകോട് മെഡിക്കൽ കോളേജുകൾക്ക് മുഖ്യ പരിഗണന നൽകുമെന്നും ആവശ്യമായ പുനഃപരിശോധനകൾ നടത്തുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്ക് ഉറപ്പുനൽകിയിരുന്നു. കൂടാതെ എം.എൽ.എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവരും ചന്ദ്രപ്രഭ ട്രസ്റ്റിൽ നിന്നും ദാനമായി ലഭിച്ച ഭൂമിയിൽ മെഡിക്കൽ കോളേജ് കൊണ്ടുവരുന്നതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ, ജനവികാരം ഉൾക്കൊണ്ട് പുതിയ സർക്കാർ മെഡിക്കൽ കോളേജ് ജില്ലാ ആസ്ഥാനമായ മടക്കിമലയിൽ സ്ഥാപിക്കുന്നതിനുള്ള സത്വര നടപടികൾ കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് ആക്ഷൻ കമ്മിറ്റി.

 

നിലവിൽ മാനന്തവാടിയിൽ താൽക്കാലികമായി മാത്രമാണ് പ്രവർത്തനാനുമതി ലഭിച്ചിട്ടുള്ളത്. എന്നാൽ മെഡിക്കൽ കോളേജ് തുടർന്നു കൊണ്ടുപോകുന്നതിനുള്ള യാതൊരു നടപടികളും മുൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അമ്പുകുത്തിയിലെ വനഭൂമി വിട്ടുനൽകുന്നതിനുള്ള ഉത്തരവ് മുൻപ് ഇറക്കിയിരുന്നെങ്കിലും, ഇതിനായി കേന്ദ്ര വന-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ പോലും സമർപ്പിച്ചിരുന്നില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. കാര്യങ്ങൾ ഇതേ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ നിലവിൽ പ്രവേശനം നേടിയ മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുകയും തുടർ ബാച്ചുകളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുകയും ചെയ്യും. അതിനാൽ പുതിയ സർക്കാരിന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും, മുൻ സർക്കാർ ജനങ്ങളെ ധരിപ്പിച്ച പൊള്ളയായ കള്ളങ്ങൾ പുറത്തുകൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. മുൻ സർക്കാരിന്റെ ഉത്തരവ് പ്രകാരം മടക്കിമലയിലെ ഭൂമിയിൽ മെഡിക്കൽ കോളേജ് തുടങ്ങുന്നതിന് നിയമപരമായോ പരിസ്ഥിതിപരമായോ യാതൊരു തടസ്സങ്ങളുമില്ലാത്ത സാഹചര്യത്തിൽ, മുൻപത്തെ തെറ്റുകൾ തിരുത്തി അവിടെത്തന്നെ മെഡിക്കൽ കോളേജ് ആരംഭിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണം.

 

സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രേമലതയുടെ അധ്യക്ഷതയിൽ ചേർന്ന സമ്പൂർണ്ണ യോഗം ആക്ഷൻ കമ്മിറ്റി രക്ഷാധികാരി അഡ്വക്കേറ്റ് വി.പി. എൽദോ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വി. ഗോകുൽദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ പശ്ചിമഘട്ട സംരക്ഷണ സമിതി, സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം, പൂഴിത്തോട് ബദൽ റോഡ് ആക്ഷൻ കമ്മിറ്റി, വയനാട് ചേംബർ ഓഫ് കൊമേഴ്സ്, വടക്കനാട് ഗ്രാമ സംരക്ഷണ സമിതി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്നീ സംഘടനകളുടെ പ്രതിനിധികളും കോട്ടത്തറ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പങ്കെടുത്തു. ചെയർമാൻ ഡോക്ടർ എം. ബാലകൃഷ്ണൻ, വിവിധ ആക്ഷൻ കമ്മിറ്റികളെ പ്രതിനിധീകരിച്ച് നാസീർ പാലൂർ, കോട്ടത്തറ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. റനീഷ്, ജോണി പാറ്റാനി, പി. ബെന്നി വർക്കി, കരുണാകരൻ എം.കെ, ശിവദാസ് എ.പി, വർഗീസ് വട്ടേക്കാട്, വാസുദേവൻ വി.പി. മടക്കിമല, കബീർ പൈക്കാടൻ, എം. വസന്ത, ബിജു പുളക്കര, ഫാത്തിമ സുഹറ എന്നിവർ സംസാരിക്കുകയും സി.എച്ച്. സജിത് കുമാർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *