ഡിജിറ്റൽ സർവ്വെ; കരാർ ജീവനക്കാരുടെ വേതനം ഉടൻ അനുവദിക്കുക: കേരള എൻ.ജി.ഒ സംഘ്
പനമരം: സംസ്ഥാനത്ത് നടന്നു വരുന്ന ഡിജിറ്റൽ സർവ്വെയുടെ ഭാഗമായി നിയമിച്ചിട്ടുള്ള താല്കാലിക ജീവനക്കാരുടെ വേതനം അനുവദിക്കുന്നതിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള എൻ.ജി.ഒ സംഘ് വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായി മേൽ ജീവനക്കാർക്ക് വേതനം ലഭിക്കുന്നില്ല. പൂർണ്ണമായും ഫീഡിൽ ജോലി ചെയ്യുന്ന ഇത്തരം ജീവനക്കാരെ അവഗണിക്കുന്ന സമീപനമാണ് കഴിഞ്ഞ സർക്കാരിൻ്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. സർവ്വെ ആവശ്യങ്ങൾക്കായി കേന്ദ്ര സർക്കാർ അനുവദിച്ച തുക വകമാറ്റി ചെലവഴിക്കുകയും ടെണ്ടർ സ്വീകരിക്കാതെ ഉപകരണങ്ങൾ മേടിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇ.ഡി ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾക്ക് മുൻപാകെ നിരവധി പരാതികൾ സമർപ്പിക്കപ്പെട്ടിട്ടുള്ളതായി പത്രവാർത്തകൾ വന്നിരുന്നു. ഇന്ത്യയിലെ ഗ്രാമീണ മേഖലകളിലെ ജനവാസ കേന്ദ്രങ്ങൾ ഡ്രോൺ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഡിജിറ്റൽ മാപ്പിംഗ് നടത്തുന്നതിനായി കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച പദ്ധതിയായ സ്വമിത്വയുടെ ഭാഗമായാണ് കേരളത്തിൽ ഡിജിറ്റൽ സർവ്വെ നടന്നു വരുന്നത്. ഡിജിറ്റൽ സർവേയുടെ ഭാഗമായി തയ്യാറാക്കുന്ന ഭൂരേഖകൾ ഒരുമിച്ച് കൊണ്ടുവരുന്ന ഐ എൽ ഐ എം എസ് (ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം ) അഥവാ ‘എന്റെ ഭൂമി’ പോർട്ടൽ വികസിപ്പിച്ചെടുത്തത് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫർമേറ്റിക്സ് സെന്റർ (എൻ ഐ സി) ആണ്. ഇത്തരത്തിൽ കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തികവും, സാങ്കേതികവുമായ സഹായം ഉൾപ്പടെ ലഭിച്ചിട്ടും ഈ മേഖലയിൽ തൊഴിലെടുക്കുന്ന താല്കാലിക ജീവനക്കാരെ പരിഗണിക്കാതെ മുന്നോട്ട് പോകുന്ന സർക്കാർ നടപടി തീർത്തും പ്രതിഷേധാർഹമാണെന്നും, മേൽ ജീവനക്കാരുടെ വേതനം അനുവദിക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ അടിയന്തിരമായി കൈക്കൊള്ളണമെന്നും എൻ.ജി.ഒ സംഘ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വേതനം അനുവദിക്കുന്നതിൽ ഇനിയും കാലതാമസം നേരിടുന്ന പക്ഷം ബന്ധപ്പെട്ട വകുപ്പ് മേധാവികളെ നേരിൽ കണ്ട് ആശങ്ക അറിയിക്കുന്നതിനും, ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുന്നതിനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഗോപാല കൃഷ്ണൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് വിപി ബ്രിജേഷ് അദ്ധ്യക്ഷത വഹിച്ചു. സുധി എം ആർ, എം കെ പ്രസാദ്, സുരേഷ് പി, സന്തോഷ് നമ്പ്യാർ, ടി.ജി. മഹേഷ്, വിനോദ് എ.സി, ദീപു മോൻ എസ്.സി, നിധിഷ് കെ.എൻ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply