‘വന്യമൃഗ ശല്യത്തിന് പരിഹാരം വേണം’; ജെസിയുടെ വീട് സന്ദർശിച്ച് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ
മേപ്പാടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുത്തുമല കുരിശിങ്കൽ ജെസ്ലിയുടെ ഭർത്താവ് ഷാജിയേയും, മക്കളെയും, കുടുംബാംഗങ്ങളെയും സന്ദർശിച്ച് കോഴിക്കോടു അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. വർഗ്ഗീസ് ചക്കാലക്കൽ. കുടുംബത്തിനു താല്ക്കാലിക ആശ്വാസമായി 2 ലക്ഷം രൂപയും കെെമാറി.
ഇനിയും ഈ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്നും, ഈ കുടുംബത്തെ കോഴിക്കോടു രൂപതയും, മേപ്പാടി ഇടവകയും ചേർത്തു നിർത്തുമെന്നും അഭിവന്ദ്യ ചക്കാലക്കൽ പിതാവ് ഉറപ്പ് നൽകി. കൂടാതെ സർക്കാർ പ്രഖ്യപിച്ച ധനസഹായത്തിൽ ഗണ്യമായ വർദ്ധന വരുത്തണമെന്നും അദ്ദേഹം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
വന്യമൃഗം ആക്രമണത്തിൽ ഓരോ മരണവും ഉണ്ടാകുമ്പോൾ സർക്കാരും, ഫോറസ്റ്റ് അധികൃതരും ഇനി ഒരു മരണവും ഉണ്ടാവാതിരിക്കാനാവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് പറയാറുണ്ടെങ്കിലും വന്യ മൃഗങ്ങളുടെ ആക്രമണം മൂലം മനുഷ്യൻ മരിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ അവസാനിപ്പിക്കണം. അതിന് ആവശ്യമായ എല്ലാ പ്രതിരോധ സംവിധാനങ്ങളും സർക്കാർ നടപ്പിലാക്കി ജനങ്ങളെ വന്യ മൃഗങ്ങളുടെ ആക്രമങ്ങളിൽ നിന്നും രക്ഷിക്കണമെന്നും, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും ബിഷപ്പ് സർക്കാർ സംവിധാനത്തോട് ആവശ്യപ്പെട്ടു. പിതാവും, മേപ്പാടി പള്ളി വികാരി ഫാദർ സണ്ണി എബ്രഹാം മറ്റു വൈദികരും ഇടവക ജനങ്ങളും ജെസ്സിയെ അടക്കം ചെയ്ത പൊത്തുമല പള്ളി സ്മാശാനത്തിലുള്ള കല്ലറയിൽ എത്തി പ്രാർത്ഥിക്കുകയും ചെയ്തു.





Leave a Reply